ചൂർണിക്കര എസ്എൻ പുരത്ത് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
1588876
Wednesday, September 3, 2025 4:13 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്ത് മൂന്നാം വാർഡ് എസ്എൻ പുരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതി. ഗാർഹിക മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് രാത്രിയുടെ മറവിലും പുലർച്ചെയും ഇവിടെ തള്ളുന്നത്.
ഗാർഹിക മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം പരത്തുന്നത് ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാക്കിയിരിക്കുകയാണ്. നിർമല ഹൈസ്കൂൾ, വിദ്യാധിരാജ വിദ്യഭവൻ എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
തെരുവുനായകൾ മാലിന്യാവശിഷ്ടങ്ങൾ വലിച്ച് റോഡിന്റെ പല ഭാഗങ്ങളിലേക്കും ഇടുന്നതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമോയെന്ന ആശങ്കയും പൊതുജനങ്ങൾക്കുണ്ട്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിവരം വാർഡംഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു പരിഹാരവുമുണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.