ലൈഫ് പദ്ധതി തരം മാറ്റം: അപേക്ഷ മാറ്റി നൽകണമെന്ന് മന്ത്രി
1588878
Wednesday, September 3, 2025 4:17 AM IST
കളമശേരി: കളമശേരി നഗരസഭയുടെ ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ ഭൂമി തരം മാറ്റുന്നതിന് ഫോറം രണ്ടില്‍ അപേക്ഷ പുതുക്കി നല്‍കണമെന്ന് നഗരസഭയോട് വ്യവസായ മന്ത്രി പി.രാജീവ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് നിവേദനം നല്കാന് നഗരസഭാ ചെയര്പേഴ്സന് സീമാ കണ്ണന് ഉള്‍പ്പെടെയുള്ള ഭരണ സമിതി അംഗങ്ങള്‍ മന്ത്രിയെ കണ്ടിരുന്നു.
റവന്യു മന്ത്രി കെ. രാജനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അപേക്ഷയിലെ അപാകത പരിഹരിക്കാനുള്ള നിര്‍ദേശം മന്ത്രി പി. രാജീവ് നല്‍കിയത്. നിലവില്‍ നഗരസഭ നല്കിയ അപേക്ഷ പ്രകാരം ഭവന പദ്ധതിക്ക് വേണ്ടി തരം മാറ്റുന്നതിനുള്ള ഫീസിളവ് ലഭിക്കുമായിരുന്നില്ല.
മെഡിക്കല്‍ കോളജിന് സമീപം ലൈഫ് ഭവന പദ്ധതിക്കായി നഗരസഭ കണ്ടെത്തിയ ഒന്നര ഏക്കര്‍ ഭൂമി തരംമാറ്റുന്നതിന് നേരത്തെ നല്കിയ അപേക്ഷയനുസരിച്ച് വാണിജ്യാവശ്യത്തിനുള്ള വിഭാഗത്തില്‍ പെടുത്തി ഒരു കോടി 28 ലക്ഷം രൂപ ഫീസടക്കേണ്ടി വരുമായിരുന്നു. 25 സെന്റിന് മുകളിലുള്ള ഭൂമിയുടെ തരംമാറ്റ അപേക്ഷകള്‍ക്ക് നിശ്ചയിച്ച ഫീസ് അടക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭ പുതിയ നിവേദനവുമായി മന്ത്രിയെ കണ്ടത്.
കളമശേരി നഗരസഭ പ്രദേശത്ത് ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിച്ച 844 കുടുംബങ്ങളുണ്ട്. എച്ച്എംടി കോളനി പ്രദേശത്ത് നഗസഭയുടെ കൈവശമുള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കാന്‍ ധാരണയായിട്ടുള്ളത്. ജൂലൈയിലാണ് നഗരസഭ അപേക്ഷ നല്‍കിയത്. ഇതനുസരിച്ച് അടക്കേണ്ട ഫീസ് ഇളവ് ചെയ്യണമെങ്കില്‍ പുതിയ അപേക്ഷ ഫോം രണ്ടില്‍ നല്‍കണം.