തീരദേശഹൈവേ നിർമാണം പൂർത്തിയാക്കണം: കെസിവൈഎം
1588873
Wednesday, September 3, 2025 4:13 AM IST
കൊച്ചി: തീരദേശ ജനതയുടെ ജീവിതത്തിനു വലിയ മാറ്റം സൃഷ്ടിക്കേണ്ട തീരദേശ ഹൈവേ പദ്ധതിയുടെ നിർമാണം അഞ്ചുവർഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നത് പ്രതിഷേധാർഹമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ.
അനധികൃത കൈയേറ്റം ഒഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയാത്തതും ഖേദകരമാണെന്നു എബിൻ കണിവയലിൽ ചൂണ്ടിക്കാട്ടി. കേരള നവീകരണ യാത്രയ്ക്ക് കൊച്ചി രൂപത ഫോർട്ട് കൊച്ചിയിൽ സ്വീകരണം നൽകി. രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ക്ലിന്റൺ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജോഷി ഏലശേരി,ക്രിസ്റ്റി ചക്കാലക്കൽ,ഹെസ്ലിൻ ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ഒരുക്കിയ സ്വീകരണം ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
വികാരി ജനറൽ മോൺ. മാത്യു കല്ലിക്കൽ, മോൺ. ജെയിൻ മെന്റസ്, ജോർജ് നാനാട്ട്, ഫെർഡിൻ ഫ്രാൻസിസ്, ഡെന്നീസ് ജോർജ് , ജെയ്മോൻ തോട്ടുമുഖം എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത തൊടുപുഴ ടൗണിൽ നൽകിയ സ്വീകരണത്തിൽ രൂപത പ്രസിഡന്റ് സാവിയോ തട്ടുപുറം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വള്ളോപ്പള്ളി, ഫാ.ആൻഡ്രൂസ് മൂലയിൽ, അനൂപ് മേക്കുഴിക്കാട്ട് എന്നിവർ പ്രസംഗിച്ചു.