കടുങ്ങല്ലൂർ സ്കൂൾ മൈതാനം വെള്ളക്കെട്ടിൽ തന്നെ
1588626
Tuesday, September 2, 2025 3:22 AM IST
ആലുവ: പത്തുലക്ഷം രൂപ അനുവദിച്ചിട്ടും പടിഞ്ഞാറേ കടുങ്ങല്ലൂർ സർക്കാർ ഹൈസ്കൂൾ ഗ്രൗണ്ട് വെള്ളക്കെട്ടിൽത്തന്നെ. മണ്ണിട്ട് കുഴികൾ അടയ്ക്കാനും ചുറ്റുമതിൽ കെട്ടാനുമായി അനുവദിച്ച ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകമാറ്റിയതോടെയാണ് കുട്ടികൾ ഓടിക്കളിക്കേണ്ട മൈതാനം ചെളിക്കുഴിയായി ഓണക്കാലത്തും കിടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
പടിഞ്ഞാറേ കടുങ്ങല്ലൂർ സർക്കാർ ഹൈസ്കൂളിൽ പുതിയ കെട്ടിടങ്ങൾ ഉയർന്നപ്പോൾ ഒരു കിലോമീറ്റർ അകലെയായി മൈതാനം വാങ്ങുകയായിരുന്നു. വൃന്ദാവൻ മൈതാനം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വൈകുന്നേരങ്ങളിൽ നാട്ടുകാരുടെയും കളിസ്ഥലമായിരുന്നു ഇത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വൃന്ദാവൻ മൈതാനത്ത് മഴവെള്ളം കെട്ടിക്കിടക്കുകയാണ്.
എന്നാൽ കടുങ്ങല്ലൂർ പഞ്ചായത്ത് ഫണ്ട് അനുവദിപ്പിച്ചെടുക്കാൻ മൈതാനത്തെ കറവപ്പശു ആക്കിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എല്ലാ സർക്കാരുകളും മൈതാനം നവീകരിക്കാനായി തുക പ്രഖ്യാപിക്കാറുണ്ട്. അനുവദിച്ച 1.40 കോടിയിൽ നിന്ന് ആദ്യഗഡുവായാണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം നൽകിയത്ത്.
കാന പണിയാനും കമാനം കെട്ടാനും അനുവദിച്ച തുക വകമാറ്റിയെന്നാണ് പരാതി. തുക പിൻവലിച്ചത് ഹൈസ്കൂൾ പ്രധാനാധ്യാപിക അറിഞ്ഞതുമില്ല.
കഴിഞ്ഞ ദിവസം വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അനുവദിച്ച തുക തീർന്നെന്നുപറഞ്ഞ് കാനയുടെയും കമാനത്തിന്റെയും നിർമാണം കരാറുകാരൻ നിർത്തിവച്ചിരിക്കുകയാണ്. കാന നിർമിച്ചാൽ അഴുക്കു വെള്ളമെല്ലാം ജലസേചന കനാലിലേക്കും സമീപത്തെ വീടുകളിലേക്കു ഒഴുകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
വീതിയില്ലാതെ കവാടവും, ചെരിവ് നോക്കാതെ കാനയും നിർമിച്ചതാണ് പാതിവഴിയിൽ ആയിരിക്കുന്നത്. പൊതുഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽനിന്ന് തുക തിരിച്ചുപിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രൗണ്ട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇനിയും സമരത്തിന് ഇറങ്ങാനുള്ള നീക്കത്തിലാണ്.