കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
1602113
Thursday, October 23, 2025 4:06 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ വൈക്കം കവലയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം നടന്നത്. ഇരു ദിശകളിൽ നിന്നും എത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മൂന്നാർ സന്ദർശിച്ച് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ഹരിയാന സ്വദേശികളായ അച്ചിൻ ഖന്ന (48), ഭാര്യ പൂജ (50) മക്കൾ സുഹാന (16), സായിഷ (12) എന്നിവർക്കും ഏതിർ ദിശയിൽ വന്ന കാറിലെ യാത്രികരായ എറണാകുളം വൈറ്റില സ്വദേശി ആഹാസ് (32), പത്തനംതിട്ട സ്വദേശി മെറിൻ (25) എന്നിവർക്കുമാണ് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൂത്താട്ടുകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡിന്റെ നടുവിൽ കിടന്ന വാഹനം അഗ്നിരക്ഷാ സേനാംഗങ്ങൾ സമീപവാസികളുടെ സഹായത്തോടെയാണ് നീക്കം ചെയ്തത്.
പിന്നീട് റോഡിൽ അവശേഷിച്ചിരുന്ന ഓയിലും ചില്ലുകളും സേന കഴുകി വൃത്തിയാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.കെ. ജീവൻകുമാർ, എം. ശ്യാംമോഹൻ, അഗ്നിരക്ഷാസേന ഓഫീസർമാരായ രാജേഷ് കുമാർ, സി.എസ്. അനീഷ്, അനന്ത പുഷ്പൻ, വൈശാഖ്, മാനസ്, അഭിലാഷ്, സന്തോഷ്, സജിമോൻ സൈമൺ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.