ടർഫ് പദ്ധതി: പ്രതിഷേധത്തെ തുടർന്ന് നിർമാണം നിർത്തിവച്ചു
1602125
Thursday, October 23, 2025 4:14 AM IST
ആലുവ: ആലുവ മുനിസിപ്പൽ ഗ്രൗണ്ട് ടർഫ് പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഒരു സംഘം പ്രഭാത സവാരിക്കാർ തടഞ്ഞു.
ഇതേ തുടർന്ന് ഗ്രൗണ്ടിലെ മണ്ണ് ഇളക്കാനെത്തിയ ജെസിബി തിരികെ കൊണ്ടുപോയി. കരാറുകാരൻ രാവിലെ ജെസിബി എത്തിച്ച് മണ്ണ് ഇളക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാരെത്തിയത്. ഇതോടൊപ്പം സിപിഎം പ്രവർത്തകരുമെത്തിയാണ് നിർമാണം തടഞ്ഞത്.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി നിർമാണം താത്കാലികമായി നിർത്തിവയ്പിച്ചു.കഴിഞ്ഞയാഴ്ച നിർമാണോദ്ഘാടന വേദിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു.
കുപ്പിയേറിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ഒരാൾ റിമാൻഡിലാണ്. ടർഫ് ആക്കിയാൽ ഫുട്ബോൾ ഒഴികെ മറ്റൊരു കായിക വിനോദത്തിനും ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നും പ്രഭാതസവാരി നിരോധിക്കുമെന്നുമാണ് ആരോപണം.