വഴിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ തിരികെ ഏൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ
1602115
Thursday, October 23, 2025 4:06 AM IST
കൂത്താട്ടുകുളം: വഴിയിൽ കളഞ്ഞുകിട്ടിയ നാലര പവൻ സ്വർണാഭരണം തിരികെ നൽകി കൂത്താട്ടുകുളത്തെ സിഐടിയു ചുമട്ടുതൊഴിലാളികൾ മാതൃകയായി. ടൗണിലെ കുഴൽനാട്ട് സ്റ്റോഴ്സിന് മുൻവശത്തുനിന്നും ഇന്നലെ രാവിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ഒരു മാലയും വളയുമാണ് തൊഴിലാളികൾക്കു ലഭിച്ചത്. ഈ കടയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന ചുമട്ടുതൊഴിലാളികളായ ടി.കെ.സന്തോഷ്, ജെ. പ്രകാശ്, വി.ആർ. സിജു, സിബി പൗലോസ്, സജിത് എബ്രഹം എന്നിവർ സ്വർണം കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
പുതുവേലിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പട്ടുമാക്കിയിൽ സജിമോൻ മാത്യു മകളുടെ വിവാഹ ആവശ്യത്തിന് സ്വർണം പണയം വയ്ക്കാനാണ് ടൗണിലെത്തിയത്. ഇതിനിടെ കുഴൽനാട്ട് സ്റ്റോഴ്സിൽ കാലിത്തീറ്റ വാങ്ങാൻ കയറി. ഇതിനിടെ ഫോൺ വന്ന് വീട്ടിലേക്ക് തിരികെ പോയി. പിന്നീടാണ് സ്വർണം നഷ്ടമായത് അറിഞ്ഞത്.
ഇദ്ദേഹം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സ്വർണം കിട്ടിയ കാര്യം പോലീസുകാർ അറിയിച്ചു. മൂന്നര പവന്റെ മാല, ഒരു പവൻ വള എന്നിവയാണ് പൊതിയിലുണ്ടായിരുന്നത്. എസ്ഐമാരായ സി.ആർ. രഞ്ജിമോൾ, പി.സി. ജോബി, എഎസ്ഐമാരായ ജോജി സെബാസ്റ്റ്യൻ, സി.ആർ. സുരേഷ്, എസ്സിപിഒ ഇ.പി. ബിജുമോൻ എന്നിവർ ചേർന്ന് തൊഴിലാളികളുടെ സാന്നിധ്യത്തിൽ സ്വർണം ഉടമയ്ക്ക് കൈമാറി.