ഓൺലൈൻ ട്രേഡിംഗിലൂടെ 25 കോടി തട്ടിയ കേസ്: അന്വേഷണ സംഘം ഹൈദരാബാദിലേക്ക്
1601689
Wednesday, October 22, 2025 4:10 AM IST
കൊച്ചി: ഓൺലൈൻ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഹൈദരാബാദിലേക്ക്.
കോഴിക്കോടുകാരായ പ്രതികള്‍ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളില്‍ ചിലത് മുമ്പ് കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഈ സംഘത്തിന് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഉടൻ ഹൈദരാബാദിലേക്ക് തിരിക്കും. കേസിന്റെ ആദ്യഘട്ടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സാന്നിധ്യം കൊച്ചി സിറ്റി സൈബർ പോലീസ് സംശയിച്ചിരുന്നു.
ഹൈദരാബാദിലുള്ള സംഘവുമായി പ്രതികൾ ഫോൺ വിളികൾ നടത്തിട്ടുണ്ടോയെന്നതടക്കം പരിശോധിച്ചു വരികയാണ്.ഇവർ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു.
തായ്ലൻഡ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ പ്രതികൾ എത്തിയെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വിദേശ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളും കോഴിക്കോട് സ്വദേശികളുമായ പി .കെ റഹീസ് (39), വി. അൻസാർ (39), സി.കെ അനീസ് റഹ്മാൻ (25) എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ക്യാപിറ്റലിക്സ് എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയർന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് സംഘം എറണാകുളം സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.
40 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, 250 സിംകാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും നിരവധി ഡെബിറ്റ് കാർഡുകളും പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോട്ടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തിരുന്നു.