ഫിഷ് ഫ്രൈയുമായി പൂരപ്പറമ്പിൽ; പിഴ ചുമത്തി പുറത്താക്കി
1601685
Wednesday, October 22, 2025 4:10 AM IST
ചോറ്റാനിക്കര: ക്ഷേത്ര ദർശനത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ ഭക്തർ ഫിഷ് ഫ്രൈയുമായി ഭക്ഷണം കഴിക്കാനിരുന്നത് ചോറ്റാനിക്കരയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആന്ധ്രയിൽ നിന്നെത്തിയ ഭക്തരാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ പൂരപ്പറമ്പിൽ ഇന്നലെ മീൻ വറുത്തത് കൂട്ടി ഭക്ഷണം കഴിക്കാൻ തയാറെടുത്തത്. ഇത് കണ്ട് സമീപത്തെ ലോഡ്ജ് ഉടമ അവരെ വിലക്കിയെങ്കിലും അവർ ചെവിക്കൊണ്ടില്ല.
ഇതോടെ ക്ഷേത്ര ജീവനക്കാരി സംഭവം മാനേജരെ അറിയിച്ചു. ദേവസ്വം ജീവനക്കാരും മാനേജരും സ്ഥലത്തെത്തിയപ്പോൾ ഒരു പാത്രം നിറയെ മീൻ വറുത്തതെടുത്ത് ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു സംഘം. ക്ഷേത്രം മതിൽക്കകത്ത് ഇതൊന്നും അനുവദനീയമല്ലെന്ന് പറഞ്ഞപ്പോൾ അറിയാതെ പറ്റിയതാണെന്ന് മറുപടി.
വിവരമറിഞ്ഞ് പോലീസും സ്ഥലത്ത് എത്തി. കുറ്റക്കാർക്ക് എതിരെ ദേവസ്വം ഫൈൻ ചുമത്താൻ തീരുമാനിച്ചതോടെ ഭക്തരെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ഇത് ചെറിയ വാക്കുതർക്കത്തിനും കാരണമായി. പിന്നീട് ഇവിടം ശുചിയാക്കാനുള്ള തുക പിഴ ചുമത്തി ഇവരെ പുറത്താക്കുകയായിരുന്നു.
അതേസമയം ക്ഷേത്രത്തിന്റെ പ്രധാന പാർക്കിംഗ് ഗ്രൗണ്ടായ പൂരപ്പറമ്പ് മതിൽ കെട്ടി തിരിക്കണമെന്ന് കോടതി വിധിയുണ്ടെങ്കിലും ദേവസ്വം നടപ്പാക്കാത്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാകാൻ കാരണമെന്നാണ് പറയുന്നത്.