വിവാദങ്ങൾക്കൊടുവിൽ കൂത്താട്ടുകുളത്തെ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1601697
Wednesday, October 22, 2025 4:27 AM IST
കൂത്താട്ടുകുളം : ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് മിനി മാസ്റ്റ് ലൈറ്റിന്റെ സപ്പോർട്ടിംഗ് പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിപിഎമ്മിന്റെ കൊടിമരത്തിന് മറവായ വൈദ്യുതി പോസ്റ്റാണ് പരാതിയെ തുടർന്ന് മാറ്റി സ്ഥാപിച്ചത്.
കൂത്താട്ടുകുളം അരഞ്ഞാണിതാഴത്ത് ഫ്രാൻസിസ് ജോർജ് എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള പോസ്റ്റാണ് മാറ്റി സ്ഥാപിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഉദ്ഘാടനം നടത്താനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി.
ഈ ലൈറ്റ് ഇന്നലെ ഉദ്ഘാടനം ചെയ്യാൻ കഴിയില്ല എന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വാർഡ് കൗൺസിലറെ അറിയിച്ചത്. പോസ്റ്റ് മൂലം സമീപമുള്ള സിപിഎമ്മിന്റെ കൊടിമരം മറഞ്ഞുപോകും എന്ന് സിപിഎം നേതൃത്വം കെഎസ്ഇബി എഇയ്ക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റ് മാറ്റി സ്ഥാപിച്ചശേഷമേ മിനി മാസ്റ്റ് ലൈറ്റിലേക്ക് വൈദ്യുതി നൽകാൻ കഴിയുകയുള്ളൂ എന്നുമായിരുന്നു കെഎസ്ഇബിയുടെ ആദ്യ നിലപാട്.
പിന്നീട് കെഎസ്ഇബിയുടെ പ്രവർത്തിയെ വാർഡ് മെമ്പർ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ് മാറ്റി സ്ഥാപിച്ച് ഉദ്ഘാടനത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
അതിനിടെ നഗരസഭാ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നഗരസഭാ പരിധിയിൽ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് കെഎസ്ഇബി ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യുന്നതെന്ന് വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ പറഞ്ഞു.