എസ്എൻഡിപി സ്കൂളിലും വൈദിക മഠത്തിലും മോഷണം
1601691
Wednesday, October 22, 2025 4:10 AM IST
ആലുവ: എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലും പ്രവേശന കവാടത്തിന് സമീപത്തെ വൈദിക മഠത്തിലും മോഷണം. നിലവിളക്കിൻെറ ഒരു ഭാഗം, ഭണ്ഡാരത്തിലെ തുക, സിസിടിവി കാമറയുടെ ഭാഗങ്ങൾ, സ്കൂൾ ബസിന്റെ ജിപിഎസ് എന്നിവയാണ് മോഷണം പോയത്.
സ്കൂൾ വളപ്പിലെ വൈദിക മഠത്തിന്റെ വാതിൽ കുത്തിത്തുറന്ന് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുമ്പിലെ നിലവിളക്കിന്റെ മുകൾ ഭാഗമാണ് ഊരിയെടുത്തത്. ഭണ്ഡാരത്തിൽ നിന്ന് പണവും എടുത്തു.
സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസ് പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് സിസിടിവി കാമറയുടെ ഡിവിആർ, ഇന്റർനെറ്റ് കണക്ഷൻ മോഡം എന്നിവയും മോഷ്ടിച്ചു. ഹെഡ്മിസ്ട്രസ് ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടമായില്ല.
സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നാം നമ്പർ സ്കൂൾ ബസിന്റെ ജിപിഎസും മോഷ്ടാവ് അഴിച്ചെടുത്തു. ഇന്നലെ രാവിലെ സ്കൂൾ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒരേ രീതിയിലാണ് പൂട്ടുകൾ തകർത്ത് വാതിൽ തുറന്നിരിക്കുന്നത്. ആലുവ ടൗൺ പോലീസ് അന്വേഷണം തുടങ്ങി.