കൊച്ചി മെട്രോ രണ്ടാം ഘട്ടം : സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍
1601683
Wednesday, October 22, 2025 4:10 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക.
ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ വിവിധ സ്റ്റേഷനുകള്‍ക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഈ നിർദേശം നല്‍കിയത്.
ചെമ്പുമുക്ക്, പടമുകള്‍ സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കണം. ചിലവന്നൂര്‍, ഇടപ്പള്ളി കനാലുകളുടെ നവീകരണത്തിന്റെ ഭാഗമായി പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
മൂലേപ്പാടം, പുറവങ്കര, പൈപ്പ്ലൈന്, കതൃക്കടവ്, ബിടിഎസ് റോഡ് എന്നിവിടങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കാക്കനാട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി മെട്രോ ലിമിറ്റഡിലെയും സര്‍വേ, റവന്യു വകുപ്പുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.