വികസനകാര്യത്തില്‍ വിവേചനമില്ല, ഇനി ഉണ്ടാവുകയുമില്ല: മുഖ്യമന്ത്രി
1601690
Wednesday, October 22, 2025 4:10 AM IST
കൊച്ചി: വികനസത്തിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഇതുവരെ വിവേചനം ഉണ്ടായിട്ടില്ലെന്നും ഇനിയങ്ങോട്ട് ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയുടെ സമഗ്രവികസനത്തിനായുള്ള ഒട്ടേറെ പദ്ധതികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നതെന്നും കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനത്തിന്റെ അതേ കാഴ്ചപ്പാടാണ് കൊച്ചി കോര്പറേഷന് ഭരണസമതിക്കുമുള്ളത്. കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം, തുരുത്തി കോളനിക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം തുടങ്ങി മുടങ്ങിക്കിടന്ന പല വികസന, ക്ഷേമ പദ്ധതികളും ഈ ഭരണസമിതി പൂര്‍ത്തിയാക്കി.
നവംബര്‍ ഒന്നോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും ലോകത്തു തന്നെ ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് ഉദ്ഘാടന പ്രസംഗത്തിനായി വേദിയിലെത്തിയത്. ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ഹൈബി ഈഡന് എംപി, എംഎംഎല്എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ. ബാബു, ഉമ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന്, ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള, മുന്‍ മേയര്‍മാരായ സി.എം. ദിനേശ്മണി, കെ.ജെ. സോഹന്‍, ടോണി ചമ്മണി, സൗമിനി ജെയിന്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഴയ കെട്ടിടത്തെ ചൊല്ലി തര്‍ക്കം
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പഴയ കെട്ടിടം എന്തു ചെയ്യണമെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. കെട്ടിടം പൈതൃക മ്യൂസിയമായി നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം മുന്നോട്ടു വന്നിട്ടുണ്ട്. ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി വിട്ടുനല്‍കണമെന്ന് പറയുന്നവരുമുണ്ട്. ഈ ആവശ്യവുമായി ജനറല്‍ ആശുപത്രി അധികൃതർ തന്നെ മുന്നോട്ട് വന്നതായാണ് വിവരം.
ഇന്നലെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രസംഗിച്ച ഹൈബി ഈഡന് എംപിയും ഇക്കാര്യം ഉന്നയിച്ചു. കഴിഞ്ഞ ദിവസം പുതിയ കൗണ്‍സില്‍ ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കോര്‍പറേഷന്റെ സ്വത്ത് ആര്‍ക്കും വിട്ടുനല്‍കാന്‍ തയാറല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
മാത്രമല്ല ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള കെട്ടിയമായതിനാല് പൈതൃക മ്യൂസിയമായി മാറ്റണമെന്ന ആവശ്യത്തോടുള്ള പിന്തുണയും അദ്ദേഹം പ്രകടിപ്പിച്ചു.