ഉയരാന്‍ ഒരുങ്ങി : ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ
1602141
Thursday, October 23, 2025 5:00 AM IST
കൊച്ചി: പലവിധ കാരണങ്ങളാല്‍ തടസങ്ങളില്‍ കുടുങ്ങിയ ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേയുടെ പുതുക്കിയ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ഘട്ടങ്ങളിലേക്ക് കടക്കാനൊരുങ്ങി ദേശീയപാത അഥോറിറ്റി. വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്.
ഈ മാസം അവസാനത്തോടെ കണ്‍സള്‍ട്ടന്റിനെ കണ്ടെത്തും. ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കി മൂന്നര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ദേശീപാത അഥോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഇടപ്പള്ളി ഒബ്റോണ്‍ മാളിനു മുന്നില്‍ നിന്ന് തുടങ്ങി അരൂര്‍ വരെ 14.64 കിലോമീറ്റര്‍ ആകാശപാതയാണ് നിര്‍മിക്കുന്നത്. 45 മീറ്ററില്‍ ആറുവരിയാകും വീതി. നിലവില്‍ മേല്‍പ്പാലങ്ങളുള്ള വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി വരുന്നതിനാല്‍ വീതി ഇത്ര ഉണ്ടായേക്കില്ല.
പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ നിലവിലുള്ള മേല്‍പ്പാലത്തിനും മുകളിലൂടെ 32 മീറ്റര്‍ ഉയരത്തിലാകും ആകാശപാതയുടെ അലൈന്മെന്റ്. ഈ ഭാഗത്ത് കാക്കനാട്ടേക്കുള്ള പിങ്ക് മെട്രോ ലൈന്‍ കടന്നുപോകുന്നത് ആദ്യ അലൈന്മെന്റില് ഉണ്ടായിരുന്നില്ല. മെട്രോ പാതകൂടി കണക്കിലെടുത്തുള്ള പുതിയ അലൈന്മെന്റ് പ്രകാരമാണ് നിര്‍മാണം.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള ബൈപ്പാസുകളിലൊന്നാണ് അരൂര്‍-ഇടപ്പള്ളി ഇടനാഴി. പ്രതിദിനം ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായാണ് കണക്ക്. അടുത്ത വര്‍ഷം പകുതിയോടെ തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേ പൂര്‍ത്തീകരിക്കുമ്പോള്‍ ബൈപ്പാസിലൂടെയുള്ള വാഹനഗതാഗതം ഇതിലും കൂടും. അതുകൂടി കണക്കിലെടുത്താണ് 45 മീറ്റര്‍ വീതിയില്‍ ബൈപ്പാസില്‍ ആകാശപാത വിഭാവനം ചെയ്തത്.
എലിവേറ്റഡ് ഹൈവേ പൂര്‍ത്തിയാകുന്നതോടൊപ്പം ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ആകാശപാത ആരംഭിക്കുന്നതിനു തൊട്ടുമുന്നിലായി കുരുശുപള്ളിക്ക് എതിര്‍വശം അണ്ടര്‍ പാസിന്റെ നിര്‍മാണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ചേരാനെല്ലൂര്‍ ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ ദേശീയപാത 544 ല്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡിലൂടെ പുതുതായി നിര്‍മിക്കുന്ന അടിപ്പാതവഴി യൂടേണ്‍ എടുത്ത് എന്‍എച്ച് 66 ല്‍ പ്രവേശിക്കാം.
അങ്ങനെ ജംഗ്ഷനിലെ സിഗ്നല്‍ പൂര്‍ണമായും ഒഴിവാക്കി ആകാശപാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് എന്‍എച്ച് 66 ലേക്കും എന്‍എച്ച് 544 ലേക്കും തടസമില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന വിധമാണ് ഇവിടെ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.