ഫയർ ഹൈഡ്രന്റുകൾ മൂടപ്പെട്ട നിലയിൽ : കൊച്ചിക്കു തീപിടിച്ചാൽ അണയ്ക്കൽ അസാധ്യം
1602137
Thursday, October 23, 2025 5:00 AM IST
കൊച്ചി: തീപിടിത്തത്തെ പ്രതിരോധിക്കാന്‍ കൊച്ചി നഗരത്തില്‍ ജലശേഖരണ സംവിധാനം തീരെയില്ല. വിവിധ നിര്‍മാണങ്ങള്‍, റോഡിന്റെ വീതിയും ഉയരവും കൂട്ടല്‍, കാന നിര്‍മാണവും പരിഷ്കാരങ്ങളും തുടങ്ങി പല കാരണങ്ങളാല്‍ ഫയർ ഹൈഡ്രന്റുകളെല്ലാം മൂടപ്പെട്ട നിലയിലാണ്. ഹൈഡ്രന്റുകള്‍ കൃത്യമായി പരിപാലിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ച സംഭവിച്ചതോടെ നഗരത്തിലെവിടെയും ജലശേഖരണത്തിനു സൗകര്യമില്ലാതായ അവസ്ഥയിലുമാണ്.
കണ്ണൂര്‍ തളിപ്പറമ്പിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കൊച്ചി നഗരത്തില്‍ മാത്രമല്ല, ജില്ലയിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രന്റുകളുടെയും അവസ്ഥ സമാനമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് പ്രദേശങ്ങള്‍ക്ക് പുറമേ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, തൃക്കാക്കര എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലും ഫയര്‍ ഹൈഡ്രന്റുകള്‍ ആവശ്യമാണെന്നും കൊച്ചി കോര്പറേഷന് പരിധിയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും അവ സ്ഥാപിക്കേണ്ടിവരുമെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാനും ജലവിതരണം ഉറപ്പാക്കാനും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് വൈകാതെ അഗ്നിശമനസേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെ ജില്ലയില്‍ പ്രതിവര്‍ഷം 1,000 ത്തിലധികം തീപിടുത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂരിലെ സംഭവം മുന്നറിയിപ്പായി കണ്ട് സുരക്ഷാ കാര്യങ്ങളില്‍ വേണ്ട മുന്നൊരുക്കം നടത്താനാണ് അധികൃതരുടെ തിരക്കിട്ട നീക്കം.
അതേസമയം നഗരത്തില്‍ നിലവിലെ സാഹചര്യത്തില്‍ വെള്ളത്തിനു കുതിപ്പു കുറവായതിനാല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ പ്രായോഗികമല്ലെന്നും പ്രത്യേക പൈപ്ലൈന് വേണ്ടിവരുമെന്നുമാണ് ജല അഥോറിറ്റിയുടെ നിലപാട്.