ഓൺലൈൻ തട്ടിപ്പ് : വാഴക്കാല സ്വദേശിക്ക് 80.78 ലക്ഷം നഷ്ടമായി
1602140
Thursday, October 23, 2025 5:00 AM IST
തൃക്കാക്കര: ഓൺലൈൻ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് 80.78 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. വാഴക്കാല സ്വദേശി എം.ജെ. ജോസിന്റെ പരാതിയിലാണ് കേസെടുത്തത്.
പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നും 80,78,000 രൂപ പ്രതികൾ ആവശ്യപ്പെട്ട ഏഴ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. 17 തവണകളായാണ് ട്രാൻസ്ഫർ ചെയ്തത്.
പിന്നീട് ലാഭവിഹിതമെന്ന വ്യാജേന നാലുലക്ഷം രൂപ പരാതിക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തിരികെ നൽകി. പിന്നീട് ലാഭവിഹിതവും പണവും കിട്ടാതായതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു.
മുളവുകാട് വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ആറുലക്ഷം
വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 6,11,000 രൂപ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയായ ഗൗതം അഗർവാൾ എന്നയാളാണ് വീട്ടമ്മയെ കബളിപ്പിച്ചു ലക്ഷങ്ങൾ കവർന്നത്. സംഭവത്തിൽ വീട്ടമ്മ മുളകാട് പോലീസിൽ പരാതി നൽകി.
ഫിൻ വേവ്സ് സെക്യൂരിറ്റീസ് എന്ന് ട്രേഡിംഗ് സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ചത്. സ്ഥാപനത്തിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ വലിയ ലാഭ വിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ പ്രലോഭിപ്പിച്ചു.
തുടർന്ന് സമൂഹ മാധ്യമം വഴി ഇയാൾ അറിയിച്ച വിവിധ അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 16 തവണകളായാണ് പണം അയച്ചത്. എന്നാൽ പറഞ്ഞതുപോലെ ലാഭവിഹിതമോ മുതലോ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. തട്ടിപ്പുകാരനായ യുപി സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.