വയോധികയുടെ മാല പൊട്ടിച്ച പ്രതി റിമാൻഡിൽ
1602116
Thursday, October 23, 2025 4:06 AM IST
കോതമംഗലം: കോതമംഗലം പുതുപ്പാടിയിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി റിമാൻഡിൽ. പശ്ചിമബംഗാൾ ബർദ്ധമാൻ മന്റേശ്വർ കുസുംഗ്രാം ഹസ്മത്ത് ഷേഖി(28) നെയാണ് മണിക്കൂറുകൾക്കുള്ളിൽ കോതമംഗലം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ പുതുപ്പാടി സ്കൂളിന് സമീപം വാഴാട്ടിൽ ഏലിയാമ്മ (82) യുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്.
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വയോധികയുടെ അടുത്തെത്തിയ ഹസ്മത്ത് പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ പുറത്തേക്ക് ഇറക്കുകയായിരുന്നു. യുവാവ് കൈ ചൂണ്ടി കാണിക്കുന്നിടത്തേക്ക് ശ്രദ്ധതിരിച്ച വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
മൂവാറ്റുപുഴയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ എസ്. ഐമാരായ ആൽബിൻ സണ്ണി, എം.എസ്. മനോജ്, സീനിയർ സിപിഒ സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.