ചേറ്റുവ റോഡിൽ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചു
1338423
Tuesday, September 26, 2023 1:11 AM IST
ചാവക്കാട്: ദേശീയപാതയായ ചേറ്റുവ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്നുകിടക്കുന്ന ദേശീയപാതയുടെ പണികൾ അടിയന്തരമായി നടത്തണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും ഹൈവേ ഉദ്യോഗസ്ഥർ ആദ്യം ചെവിക്കൊണ്ടില്ല. റോഡിൽ അപകടം തുടർക്കഥയായി. ദുരന്തനിവാരണ നിയമപ്രകാരം റോഡിന്റെ പണികൾ നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. അക്ബർ എംഎൽഎ കത്തുനൽകി. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ശനിയാഴ്ച കളക്ടർ യോഗംവിളിച്ചു. ഇതിനിടയിൽ ടി. എൻ. പ്രതാപൻ എംപി, മന്ത്രി, കളക്ടർ, ഹൈവേ അഥോറിറ്റി എന്നിവർക്കും കത്തു നൽകി.
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ റോഡ് ഉപരോധവും ബിഎംഎസ് മോട്ടോർ തൊഴിലാളികൾ പ്രതിഷേധ ധർണയും നടത്തി. ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി ഹൈവേയുടെ കാക്കനാട്ടെ ഓഫീസിലെത്തി നേരിട്ട് നിവേദനംനൽകി. കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ടി.എൻ. പ്രതാപൻ എംപി, എൻ.കെ. അക്ബർ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ഷീജ പ്രശാന്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ഹൈവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽവച്ചാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ തിരുമാനമായത്.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി കുഴിയടച്ച് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കാനും കേടുവന്ന ഇന്റർലോക്ക് പുതിയത് സ്ഥാപിക്കാനും ഹൈവേ അഥോറിറ്റിക്ക് നിർദേശംനൽകി. ഇതേ തുടർന്ന് ചേറ്റുവ റോഡിൽ പണികൾ ആരംഭിച്ചു. ഇത് ചാവക്കാട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വലിയ വാഹനങ്ങൾ കടപ്പുറംവഴി തിരിച്ചുവിടുന്നുണ്ട്.