ചിറകെട്ടിൽ വിശ്രമിച്ച് തൃപ്രയാർ തേവർ മടങ്ങി
1338658
Wednesday, September 27, 2023 2:03 AM IST
പെരിങ്ങോട്ടുകര: ശ്രീരാമൻ ലങ്കയിലേക്കു കടക്കുന്നതിനു വേണ്ടി കടലിനുകുറുകെ ചിറ നിർമിച്ചതിന്റെ ഓർമപുതുക്കി എല്ലാവർഷവും തൃപ്രയാർ തേവർ ചിറകെട്ടുന്ന ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലെ സേതുബന്ധന ആഘോഷങ്ങൾക്കു സമാപനമായി.
തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ചിറകെട്ട് അവകാശി പനോക്കി സുരേഷ്, പനോക്കി ബാബു എന്നിവർ ചേർന്ന് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജകൾ നടത്തിയതോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്.
തുടർന്ന് പരിസരപ്രദേശങ്ങളിലെ വീടുകളിലും തൃക്കാക്കരയപ്പനെ വച്ച് ഓണം കൊണ്ടു. ചിറകെട്ടിന്മേൽ നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് കൊട്ടാരവളപ്പിൽ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
രാവിലെ 11.30ന് ശ്രീരാമചന്ദ്ര ഭഗവാനെ ശബരി സ്വീകരിച്ചത് അനുസ്മരിച്ചുകൊണ്ട് ശബരി സത്കാരം നടന്നു. ടി.യു. അബ്ദുൾ കരീം, ടി.എസ്. റെജി, പി.ഐ. ഹൈദ്രു, ഇ.എസ്. ശ്രീനിവാസൻ, ടി.കെ. രാധാകൃഷ് ണൻ എന്നിവർ ചേർന്ന് ശബരി സത്കാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ് എത്തിയശേഷം ദേവസ്വം മാനേജർ എ.പി. സുരേഷിന്റെ അനുമതിയോടെ ചിറകെട്ട് അവകാശികൾ സേതുബന്ധനച്ചടങ്ങുകൾ നടത്തി. തുടർന്ന് ഘോഷയാത്രയായി കൊട്ടാരവളപ്പിലേയ്ക്ക് പോവുകയും തിരുമുൽക്കാഴ്ച സമർപ്പണം നടത്തുകയും ചെയ്തു.
ഇ.പി. ഹരീഷ്, ടി.ജി. രതീഷ് വിനോദ് നടുവത്തേരി നിവിൻ നന്ദൻ ദിനൻ കടുക്കാട്ട് ഡോ. പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇ.പി. ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.