കേരളത്തിന്റെ കൗമാര വിസ്മയം ഗൗതം
ജിസ്മോന് മാത്യു
Friday, October 3, 2025 1:58 AM IST
ഗുണ്ടൂര്‍ (ആന്ധ്രപ്രദേശ്): 62-ാമത് ദേശീയ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗൗതം കൃഷ്ണ രണ്ടാം സ്ഥാനത്തോടെ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. 21-ാം സ്വീഡ് ആയിരുന്ന ഗൗതം, 11 റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍, പോയിന്റ് നിലയില്‍ തമിഴ്നാടിന്റെ ഒന്നാം സ്വീഡ് ഇനിയനുമായി തുല്യത പാലിച്ചു.
എന്നാല്‍, മികച്ച ടൈബ്രേക്കര്‍ സ്കോറിന്റെ അടിസ്ഥാനത്തില്‍ ഇനിയന് ചാമ്പ്യന്‍ പട്ടവും ഗൗതം കൃഷ്ണയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ക്ക് ഈ നേട്ടം ലഭിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്വീഡും ചാമ്പ്യനുമായ ഇനിയുമായി സമനില പാലിച്ച് ഗൗതം, മൂന്നുതവണ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ അഭിജിത്തിനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യന്‍ എന്ന ബഹുമതിയാണ് തലനാരിഴയ്ക്ക് 15കാരനായ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഗൗതം കൃഷ്ണയ്ക്കു നഷ്ടപ്പെട്ടത്. ജി. ആകാശിന്റെ (16 വര്‍ഷം, 14 ദിവസം) പേരിലാണ് നിലവിലെ റിക്കാര്‍ഡ്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ഗൗതം കൃഷ്ണ, 2023ല്‍ ഫിഡേ മാസ്റ്റര്‍ പദവിയും 2022ല്‍ ദേശീയ അണ്ടര്‍ 12 ചാമ്പ്യനുമായിരുന്നു. 2022ല്‍ കേരള സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യനായ ഈ തിരുവനന്തപുരം സ്വദേശി ഭാരതീയ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.