കളക്ടറേറ്റില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
1579149
Sunday, July 27, 2025 6:07 AM IST
പേരൂര്‍ക്കട: ജില്ലാ വികസന സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവനന്തപുരം ലോ ക്സഭാ മണ്ഡലത്തിലെയും നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, വര്‍ക്കല, ആറ്റിങ്ങല്‍, എന്നീ മണ്ഡലങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പലയിടങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും ഇത് പരിഹരിക്കുന്നതിനായി പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ. ആന്‍സലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കവടിയാര്‍ അക്കാമ്മ ചെറിയാന് പാര്‍ക്കിന്റെ ഭാഗത്ത് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനും അവര്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി നല്കുന്നതിനുമുള്ള ആവശ്യം വി.കെ. പ്രശാന്ത് എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.
ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി തുടരണമെന്നും നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. മേലേക്കടവ് ടൂറിസം പദ്ധതി, വട്ടിയൂര്‍ക്കാവ് മാര്‍ക്കറ്റ് നവീകരണം, പേരൂര്‍ക്കട ആശുപത്രി വികസനം, വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എ റോഡ്, ഉദിയന്നൂര്‍ റോഡ് എന്നിവിടങ്ങളിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനഃസ്ഥാപിക്കല്‍, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരണം തുടങ്ങിയ പദ്ധതികളും ചര്‍ച്ച ചെയ്തു.
വര്‍ക്കല മണ്ഡലത്തില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ മണമ്പൂര്‍ ഭാഗത്തെ ദേശീയപാതയില്‍ പൈപ്പിടുന്നത് നടപ്പിലാക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അപകടാവസ്ഥയിലായ അഞ്ച് സ്കൂളുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ എംഡിഎം ടി.കെ. വിനീത്, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എം. കലാമുദീൻ പങ്കെടുത്തു.