പുരസ്കാര മികവില്‍ നെയ്യാറ്റിന്‍കര നഗരസഭ ഗവ. ആയുര്‍വേ ആശുപത്രി
1578995
Saturday, July 26, 2025 7:03 AM IST
നെയ്യാറ്റിൻകര: സംസ്ഥാന ആയുഷ് കായകല്പ്പയുടെ അഭിനന്ദന പുരസ്കാര മികവില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ നെയ്യാറ്റിന്‍കര നഗരസഭ ഗവ. ആയുര്‍വേ ആശുപത്രി. മൂന്നുകല്ലിന്മൂട്ടില് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി മികച്ച സ്കോറോടു കൂടിയാണ് ഒരു ലക്ഷം രൂപയുടെ അഭിനന്ദന പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയായിരുന്നു പുരസ്കാര നിര്‍ണയം. 1939 -ല്‍ സ്ഥാപിച്ചതാണ് ആതുരാലയം. എട്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പാരന്പര്യമുള്ള ആയുര്‍വേദ ആശുപത്രി മുതിര്‍ന്ന തലമുറയെ സംബന്ധിച്ചിടത്തോളം പഴയ കഷായാശുപത്രിയാണ്.
ഇന്ന് ദിനംപ്രതി 200- 250 രോഗികള്‍ ഒപിയിലെത്തുന്ന ആശുപത്രിയില്‍ യോഗ വെല്‍നസ് സെന്റര്‍, സിദ്ധ ഡിസ്പെന്‍സറി മുതലായവയിലേതു കൂടി ചേര്‍ത്ത് പതിനൊന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നു.
ജനറല്‍ ഒ.പി ക്കു പുറമേ ആയുർവേദത്തിലെ വിഷചികിത്സാവിഭാഗമായ അഗദതന്ത്രം, നേത്രം, ഇഎന്‍ടി, ദൃഷ്ടി, മര്‍മ്മ, ശല്യതന്ത്രം, പ്രമേഹ രോഗികള്‍ക്കായുള്ള ജീവനി, അറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി വൃദ്ധജന പരിപാലനം, അരികെ, സ്നേഹധാര ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് പ്രോജക്ട് , വെരിക്കോസ് മുതലായവയില്‍ സ്പെഷല്‍ ഒപി പ്രവര്‍ത്തിക്കുന്നു.