ടൂറിസം പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ചുവർഷം : ആകെ നിർമിച്ചത് തടയണ മാത്രം..!
1578509
Thursday, July 24, 2025 6:59 AM IST
മാറനല്ലൂർ : സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നെയ്യാറിലെ മാറനല്ലൂർ അരുവിക്കരയോട് അധികൃതർക്ക് അവഗണന. അരുവിക്കരയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന പ്രദേശത്തെ വിവിധ സംഘടനകളുടേയും, നാട്ടുകാരുടേയും ആവശ്യത്തെ തുടർന്നു ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും വിവിധ പദ്ധതികളെക്കുറിച്ച് ആലോചനായോഗം നടത്തുകയും ചെയ്തിട്ട് വർഷം അഞ്ചു പിന്നിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
അരുവിക്കരയ്ക്ക് സമീപ പ്രദേശമായ നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽപ്പെടുന്ന ഈരാറ്റിൻപുറത്തു ടൂറിസം പദ്ധതി യാഥാർഥ്യമായപ്പോൾ അരുവിക്കരയ്ക്കും പ്രാധാന്യമേറിയിരുന്നു. ഇതു കണക്കിലെടുത്താണു തൊട്ടടുത്ത പ്രദേശമായ മാറനല്ലൂർ പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമായ അരുവിക്കരയും പരിഗണിക്കുമെന്നും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പു കൊടുത്തിരുന്നത്.
മുന്‍പൊരിക്കൽ മാറനല്ലൂർ പഞ്ചായത്തിലെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത് അരുവിക്കരയിലാണ്. ആയിരക്കണക്കിന് പേരാണ് ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. എത്തിയവരിൽ ഭൂരിഭാഗം പേരും ഏറെ സമയം ചെലവഴിച്ചതു നെയ്യാറിന് തീരത്തെ പാറക്കെട്ടുകളിലാണ്.
നെയ്യാറിന്റെ സൗന്ദര്യം മൊബൈലിൽ പകർത്താനും ചിലർ മറന്നില്ല. ഓണാഘോഷത്തോടനുബന്ധിച്ചു നെയ്യാറിൽ ബോട്ട് സർവീസും നടത്തിയരുന്നു. ഇതിൽ കുട്ടവഞ്ചിയിലുള്ള യാത്രയാണ് ഇവിടെയെത്തിവരെ ഏറ്റവുമധികം ആകർഷിച്ചതും. നെയ്യാറിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടി ബോട്ട് സർവീസ് ഉൾപ്പടെ നടത്തുന്നതിനുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിച്ചരുന്നത്.