അമ്പൂരി പറത്തി സെന്റ് അൽഫോൻസാ തീർഥാടന പള്ളിയിലെ തിരുനാളിനു നാളെ കൊടിയേറും
1578743
Friday, July 25, 2025 6:46 AM IST
അമ്പൂരി: പറത്തി സെന്റ് അൽഫോൻസാ തീർഥാടന പള്ളിയിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 26 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കും. ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേകതകൾ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് തീർഥാടനമായി കൊണ്ടുവരുന്നതും അമ്പൂരിയെ പറത്തിയുമായി ബന്ധിപ്പിക്കുന്ന കുമ്പിച്ചൽപാലം സാക്ഷാത്്കരിക്കപ്പെട്ടു എന്നതുമാണ്.
കഴിഞ്ഞവർഷം വരെ തീർഥാടനം നടത്തിയിരുന്നതു കടത്തുവള്ളങ്ങളിലും ബോട്ടുകളിലുമായിട്ടായിരുന്നുവെങ്കിൽ ഇനി മുതൽ പാലത്തിൽ കൂടി അക്കരെ ഇക്കരെ യാത്ര ചെയ്യാമെന്നുള്ളതും വലിയ ഒരു അനുഗ്രഹമായിട്ടാണ് ഇവിടെയുള്ള നാട്ടുകാർ കരുതുന്നത്.
26 നു വൈകുന്നേരം നാലിനു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പു പ്രയാണവും തീർഥാടനവും അമ്പൂരി ഫൊറോന മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ മായത്തുനിന്നും ആരംഭിക്കും. 4.30ന് തട്ടാമുക്ക് കുരിശടിയിൽ സ്വീകരണം.
വൈകുന്നേരം 5.30നു വികാരി ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം കൊടിയേറ്റം നിർവഹിക്കും. തുടർന്നു നടക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ് ക്കും ഫാ. സോണി കരുവേലിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോണിക്കുട്ടി തറക്കുന്നേൽ എന്നിവർ കാർമികന്മാരാകും.
27നു വൈകുന്നേരം നാലിന് ആയൂർ ഫൊറോന മിഷൻ ലീഗിന്റെ നേതൃത്വത്തിൽ തീർഥാടനം. തുടർന്നു നടക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാ. സൈജു അയ്യങ്കരി കാർമികനാകും. വൈകുന്നേരം 6.30ന് സണ്ടേസ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടക്കും.
28നു വൈകുന്നേരം 4.30നു ജപമാലയ്ക്കും നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാ. ആന്റണി തറക്കുന്നേൽ കാർമികനാകും. 29 നു വൈകുന്നേരം 4.30 നു ജപമാലയ്ക്കും, നൊവേനയ്ക്കും വിശുദ്ധ കുർബാനയ് ക്കും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. സോണി തെക്കേക്കര കാർമികനാകും. 30നു വൈകുന്നേരം 4.30ന് ജപമാല, നൊവേന, വിശുദ്ധ കുർബാന. ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ കാർമികനാകും.
31നു വൈകുന്നേരം 4.30 ന് ജപമാല, നൊവേന, വിശുദ്ധ കുർബാന എന്നിവയ്ക്കു ഫാ.ലിബിൻ മണക്കളം നേതൃത്വം നൽകും. ഓഗസ്റ്റ് ഒന്നിനു വൈകുന്നേരം 4.30നു ജപമാല, നൊവേന, വിശുദ്ധ കുർബാന. ഫാ. മാത്യു കണ്ണമ്പള്ളി സിഎഐ മുഖ്യകാർ മികനാകും. ഓഗസ്റ്റ് രണ്ടിനു വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധ കുർബാന എന്നിവയ്ക്കു ഫാ. ജെയിംസ് കലയംകണ്ടം കാർമികനാകും.
തുടർന്നു കുമ്പിച്ചൽ കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഫാ. സച്ചിൻ കുന്നത്ത് കാർമികനാകും. ഓഗസ്റ്റ് മൂന്നിനു ഞായറാഴ്ച രാവിലെ ഒന്പതിന് അമ്പൂരി ഫൊറോന പള്ളിയിൽ നിന്നും ഫൊറോന മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ തീർഥാടനം. തുടർന്ു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും, വചനപ്രഘോഷണത്തിനും ഫാ. സ്കറിയ ശ്രാമ്പിക്കൽ കാർമികത്വം വഹിക്കും. തുടർന്നുള്ള പ്രദക്ഷിണത്തിനു ഫാ. ജെയിംസ് കലയംകണ്ടം കാർമികനാകും.
തുടർന്ന് ഊട്ടുനേർച്ച, കൊടിയിറക്ക്. വികാരി ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻ മുഖം, കൺവീനർ ജോസ് മൂന്നാനാൽ, സെക്രട്ടറി മാത്യൂസ് എം. പുത്തൂർ, കൈക്കാരന്മാരായ ലിജോ കെ. ജോർജ് കോലത്ത്, തോമസ് ജോർജ് കാലായിൽ, കണക്കൻ തോമസ് കൂലിപ്പറമ്പിൽ എന്നിവർ നേതൃത്വം നല്കും.