സ്കൂളിൽ അടുക്കളത്തോട്ടം ഒരുക്കി കുട്ടിപ്പോലീസ്
1578512
Thursday, July 24, 2025 6:59 AM IST
വിതുര : വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം തയാറാക്കി. സ്കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇലവർഗങ്ങളും മറ്റു പച്ചക്കറികളും പരമാവധി സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ആശയം മുൻ നിർത്തിയാണ് അടുക്കളത്തോട്ടം തയാറാക്കിയത്.
ഓണത്തോടനുബന്ധിച്ച് ആദ്യ വിളവെടുപ്പുകൂടി മുന്നിൽക്കണ്ടാണ് അടുക്കളത്തോട്ടം സജ്ജമാക്കിയത്. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്, പിടിഎ പ്രസിഡന്റ് ആർ. രവിബാലൻ, സീനിയർ അസിസ്റ്റന്റ് ഷീജ കുമാരി,
സ്റ്റാഫ് സെക്രട്ടറി എം.എൻ. ഷാഫി, എസ്ആർജി കൺവീനർ ഷിബു, എസ്പിസി ഓഫീസർമാരായ കെ. അൻവർ, പ്രിയ ഐ.വി. നായർ, മാതൃകാ കർഷകനും എസ്പിസിയുടെ കൃഷി കോ-ഓർഡിനേറ്ററുമായ തച്ചൻകോട് മനോഹരൻ നായർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.