തദ്ദേശ തെരഞ്ഞെടുപ്പ്: ഇടതുപക്ഷ ഉദ്യോഗസ്ഥർ വോട്ടർ പട്ടിക അട്ടിമറിക്കുന്നുവെന്ന് വി.വി. രാജേഷ്
1578986
Saturday, July 26, 2025 6:57 AM IST
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിലാണ്ട സിപിഎം നേതൃത്വം ഇടത് യൂണിയൻ അനുഭാവികളെ ഉപയോഗിച്ച് വോട്ടർ പട്ടിക അട്ടിമറിച്ചുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത പഞ്ചായത്തുകളിലും വാർഡുകളിലുമാണ് വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേടു നടത്തിയിരിക്കുന്നത്. ആറ്റുകാൽ വാർഡ് ബിജെപി വിജയിക്കുമെന്ന അശങ്കയുള്ളതിനാൽ ആറ്റുകാൽ ക്ഷേത്രമുൾപ്പെടുന്ന ബൂത്തിനെ ഇപ്പോൾ മണക്കാട് വാർഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ്റുകാൽ ക്ഷേത്രമില്ലാത്ത ആറ്റുകാൽ വാർഡാണ് നിലവിലുള്ളത്.
ഓരോ വാർഡിലും 9000 മുതൽ 9500 വോട്ടർമാർ വരെയാണ് ഉണ്ടാകേണ്ട തെന്നിരിക്കെ സിപിഎമ്മിന്റെ സംഘടനാ സ്വാധീനവും ന്യൂനപക്ഷ വോട്ടർമാരുടെ എണ്ണവും മാത്രം മാനദണ്ഡമാക്കിയാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്.
ശ്രീകാര്യം വാർഡ് വിഭജിച്ച് രൂപീകരിച്ച പാങ്ങപ്പാറ വാർഡിൽ 2800 വോട്ടർമാരും,മൂന്നു ബൂത്തും മാത്രമുള്ളപ്പോൾ ചുറ്റുമുള്ള വാർഡുകളിൽ പലതിലും 10000ന് മുകളിൽ വോട്ടർമാരുണ്ട്. സി പി എമ്മിന് ലഭിയ്ക്കാൻ സാധൃതയില്ലാത്ത നൂറുകണക്കിന് വോട്ടർമാരുടെ പേരുകൾ പല വാർഡുകളിലെയും വോട്ടർ പട്ടികയിൽ നിന്നുമൊഴിവാക്കിയിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് രേഖകളിൽ കൃത്യമം കാട്ടുന്നത്. രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിറുത്തി പ്രവർത്തിയ്ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി ക്രമക്കേടുകൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും വി.വി. രാജേഷ് പറഞ്ഞു.