വസ്തു തട്ടിയ കേസ്; മണികണ്ഠന്റെ ബന്ധു വീടുകളില്‍ പരിശോധന
1578506
Thursday, July 24, 2025 6:59 AM IST
പേരൂര്‍ക്കട: ജവഹര്‍നഗര്‍ വസ്തുതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അനന്തപുരി മണികണ്ഠന്റെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തി. കേസിലെ പ്രധാന പ്രതിയായ മണികണ്ഠനെ കണ്ടെത്തുന്നതിനാണ് ഇത്. പുത്തന്‍കോട്ടയിലെ വീട് വില്‍പ്പന നടത്തിയ മണികണ്ഠന് കാലടി ഭാഗത്ത് പുതുതായി വീടുവച്ചുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹം ഇപ്പോള്‍ കുടുംബസമേതം നെടുങ്കാട് വാടകയ്ക്കു താമസിച്ചുവരുന്നതായാണ് വിവരം.
അതേസമയം സെഷന്‍സ് കോടതി ജാമ്യം തള്ളിയതോടെ ഒളിവില്‍പ്പോയ മണികണ്ഠനെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. നാലഞ്ചു ബന്ധുക്കളുടെ വീടുകളില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യവീടായ പേരൂര്‍ക്കടയിലും പോലീസ് മണികണ്ഠനെ അന്വേഷിച്ചു ചെന്നിരുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല.
അതേസമയം അനന്തപുരി മണികണ്ഠനു ശക്തമായ പിന്തുണ നല്‍കുന്നത് ഒരു മുന്മന്ത്രിയാണെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോറ അസറിയ ക്രിപ്സിന്റെ ജവഹര്‍ നഗറിലെ വീടും വസ്തുവും തട്ടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആധാരമെഴുത്തുകാരനാണ് അനന്തപുരി മണികണ്ഠന്.