വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞമട്ടില്ല..! കഴിവൂർ മൂലക്കര ഗവ. എൽപി സ്കൂൾ തകർച്ചയുടെ വക്കിൽ
1578500
Thursday, July 24, 2025 6:44 AM IST
വിഴിഞ്ഞം: വിദ്യാഭ്യാസ വകുപ്പും മന്ത്രിയും അറിഞ്ഞില്ല; കാലപഴക്കംചെന്നു തകർച്ചയുടെ വക്കിലായ കോട്ടുകാൽ കഴിവൂർ മൂലക്കര ഗവ: എൽ.പി സ് കൂളിന്റെ അവസ്ഥ. തകർന്നു വീഴാറായകെട്ടിടത്തിൽവച്ച് ക്ലാസ് നടത്തുന്നതിനെതിരെ ജനരോഷം ശക്തമാകു ്പോഴാണ് പുറംലോകം കാര്യമറിയുന്നത്. പിഞ്ചുകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഇളകിതെറിച്ചു പോയി. തകർന്നമേൽക്കൂര കയർ കൊണ്ട് കെട്ടിയുറപ്പിച്ചായിരു കഴിഞ്ഞ ദിവസങ്ങളിൽ ക്ലാസ് നടത്തിയിരുന്നത്.
140 വർഷം പഴക്കമുള്ള ഈ സർക്കാർ സ്കൂൾ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്.1883-ൽ 20 സെന്റ് വസ്തുവിൽ സ്ഥാപിതമായ സ്കൂളാണ് ഏതു നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലായത്. പ്രീ-പ്രൈമറി കുട്ടികളും ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി 50-ഓളം വിദ്യാർഥികളുമാണ് ഇവിടത്തെപഠിതാക്കൾ.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സ്കൂളുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി ഹൈടെക് ആക്കുന്നതായി മന്ത്രി ഉൾപ്പെടെ വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാൽ കുട്ടികൾ കുറവുള്ള സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്നതിനുദാഹരണമാണ് മൂലക്കര സ്കൂൾ.
കുട്ടികൾക്ക് ആവശ്യമുള്ള ഒരു സൗകര്യവും ഈ സ്കൂളിൽ സജ്ജമാക്കിയിട്ടില്ല. ഒറ്റമുറികെട്ടിടത്തിൽ തടിയിൽ മറയുണ്ടാക്കിയാണ് ക്ലാസ് റൂം തിരിച്ചിട്ടുള്ളത്. ഓടുകൾ പൊട്ടിത്തകർന്നതോടെ തകരഷീറ്റ് സ്ഥാപിച്ചാണ് മേൽക്കൂര. പഴക്കമുള്ള കഴുക്കോലുകളിൽ ഉറപ്പിച്ച ഷീറ്റുകൾ കാറ്റിൽ ഇളകിതെറിച്ചതോടെ കയറുകൊണ്ട് കെട്ടിയാണ് നിലനിറുത്തിയിട്ടുള്ളത്.കാലപ്പഴക്കംകൊണ്ട് കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.
അവശ്യം വേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയാണ് സ്കൂൾ പ്രവർത്തിച്ച് വന്നത്. ഇതിനെതിരെ യുവജനസംഘടനകളും നാട്ടുക്കാരും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നു കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി സ് കൂൾ അധികൃതരുമായി സംസാരിച്ചു കുട്ടികളുടെ സുരക്ഷിതത്വം മുൻ നിറുത്തി തൊട്ടടുത്ത മറ്റൊരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
സ്കൂൾ കവാടത്തിനു മുന്നിൽ നിർമിച്ചിട്ടുള്ള ശൗചാലയങ്ങളും ശോച്യാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടം നിർമിച്ചു നൽകണമെന്നാവശ്യപ്പെട്ടു നാട്ടുകാര്യം കോട്ടുകാൽ പഞ്ചായത്തധികൃതർക്കും എംഎൽ എയോടും വിദ്യാഭ്യാസമന്ത്രിക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതുവരെയും നടപടികൾ കൈക്കൊണ്ടിട്ടില്ല.