ഓണ്‍ലൈന്‍ വ്യാപര തട്ടിപ്പ്: ഡല്‍ഹി സ്വദേശി പിടിയില്‍
1578747
Friday, July 25, 2025 6:46 AM IST
പേരൂര്‍ക്കട: ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയ ഡല്‍ഹി സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. പീതംപുര സ്വദേശി ഇന്ദര്‍ പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള വ്യാപാര സ്ഥാപനമാണെന്നു യൂട്യൂബിലൂടെ പരസ്യം നല്‍കുകയും മികച്ച ലാഭം ലഭിക്കുമെന്നു പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്തു തിരുവനന്തപുരം സ്വദേശിയായ യുവാവില്‍നിന്ന് 81 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ആറു വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് യുവാവ് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയത്. ലഭിക്കുമെന്നു പറഞ്ഞ പണം എടിഎമ്മില്‍ നിന്നു ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ജൂണ്‍ 18ന് സൈബര്‍ ക്രൈമില്‍ പരാതി നല്‍കുകയും ചെയ്തത്.
ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നതായി കാണിച്ചു തരപ്പെടുത്തിയ ഒരു സ്ഥാപനത്തിന്റെ പേരിലെ അക്കൗണ്ടിലേക്കാണ് തട്ടിപ്പു തുക എത്തിയതെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിക്കു പിന്നില്‍ വേറെയും സംഘങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചുവരുന്നുണ്ട്.
സൈബര്‍ ക്രൈം സിഐ എസ്. നിയാസ്, സിപിഒമാരായ സമീര്‍ഖാന്‍, ശ്രീജിത്ത് റോയി, ഗോവിന്ദ് മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ മൂന്നുദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.