വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1578621
Friday, July 25, 2025 1:20 AM IST
വലിയതുറ: വെട്ടുകാട് പള്ളിക്കു സമീപം മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെട്ടുകാട് വലിയവേളി തൈവിളാകം ടിസി 80 /816 -ല്‍ പരേതനായ ആന്‍ഡ്രുവിന്റെയും ആനിയുടെയും മകന് അനില്‍ ആന്‍ഡ്രൂ (32)വിന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വിഴിഞ്ഞം മുല്ലൂര്‍ അദാനി പോര്‍ട്ടിനു സമീപം കടലില്‍ അടുക്കിയിരിക്കുന്ന പാറകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ 6.30 ഓടുകൂടി മത്സ്യബന്ധനത്തിനായി വളളം ഇറക്കി പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വളളം കരയില്‍ നിന്നും 25 മീറ്റര്‍ അകലെ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. നാലുപേര്‍ നീന്തി രക്ഷപ്പെട്ടെഹ്കിലും അനിലിനെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വെട്ടുകാട് സ്വദേശികളായ വര്‍ഗീസ് , ജോണ്സണ് , ജോബി , ടെലിക്സ് എന്നിവര്‍ക്കൊപ്പമായിരുന്നു അനില്‍ മത്സ്യബന്ധനത്തിനുപോയത്. അനില്‍ അവിവാഹിതനാണ്.