കർക്കടക വാവുബലി തർപ്പണം : അടിസ്ഥാന സൗകര്യമൊരുക്കി നെയ്യാറ്റിൻകര നഗരസഭ
1578513
Thursday, July 24, 2025 6:59 AM IST
നെയ്യാറ്റിന്‍കര : കര്‍ക്കടക വാവുബലി നാളില്‍ നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ പിതൃതര്‍പ്പണം നടക്കാറുള്ള കടവുകളില്‍ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അറിയിച്ചു. ബലിക്കടവുകളില്നിന്നും പായലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു.
കടവുകള്‍ക്കു സമീപത്തെ പാതയോരങ്ങളിലെ പുല്ലുകളും മറ്റും ചെത്തിമിനുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് ആരോഗ്യവിഭാഗം നേതൃത്വം നല്കി. കൃഷ്ണപുരം ഗ്രാമത്തിലെ ആറാട്ടുകടവ്, ഫോര്‍ട്ട് വാര്‍ഡിലെ കരവണി കടവ്, പാലക്കടവിനു സമീപത്തെ കടവ്, ഗുരുസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടവ്, രാമേശ്വരം ക്ഷേത്രത്തിനു സമീപത്തെ കടവ് എന്നീ നഗരസഭ പരിധിയിലെ കടവുകളില്‍ ബലിതര്‍പ്പണത്തിന് ആളുകള്‍ എത്താറുണ്ട്.
ഈ കടവുകള്‍ ശുചീകരിച്ചതോടൊപ്പം അവയ്ക്കു അനുബന്ധമായ പാതയോരങ്ങള്‍ കൂടാതെ കൊല്ലവംവിള വാര്‍ഡില്‍ അരുവിപ്പുറം ക്ഷേത്രത്തിലേയ്ക്ക് പോകുന്ന നഗരസഭ പരിധിയിലെ റോഡിലെ പുല്ലും മറ്റും വെട്ടി വൃത്തിയാക്കല്‍ നടപടികള്‍ കണ്ടിന്‍ജന്റ് ജീവനക്കാരുടെ സഹായത്തോടെ ചെയ്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷീല ഫ്ലവർ, പിഎച്ച്ഐ മാരായ വിഷ്ണ, ലക്ഷ്മി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.