നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
1578753
Friday, July 25, 2025 6:50 AM IST
നെയ്യാർ ഡാം: നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകുന്നേരം മുതൽ മഴ തോരാതെ പെയ്യുന്നതും അണക്കെട്ടിലേക്കു വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്കുമാണു ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. ഇപ്പോൾ ജലനിരപ്പ് 83.86 മീറ്ററായി ഉയർന്നിട്ടുണ്ട്.
അണക്കെട്ടിലെ രണ്ടാമത് മുന്നറിയിപ്പ് അളവ് 83.75 മീറ്റർ ആണ്. ഇപ്പോൾ ഇതു കടന്നിരിക്കുകയാണ്. നിലവിൽ അണക്കെട്ടിന്റെ നാലു ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. അതേസമയം ഈ നിലയ്ക്ക് മഴ തുടർന്നാൽ ഇനിയും ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമാണ് ഉള്ളത്. നെയ്യാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.