പന്ത പ്ലാമൂട്; സഞ്ചാരികൾക്ക് സ്വർഗ ഭൂമി, പ്രദേശവാസികൾക്ക്് പേടി സ്വപ്നം
1578989
Saturday, July 26, 2025 6:57 AM IST
നെയ്യാർഡാം : നെയ്യാർ അണമുഖം പന്ത പ്ലാമൂട്, ജലസംഭരണി ഒരുക്കിയ മനോഹരമായ ദ്യശ്യ ഭംഗി തീർക്കുന്നയിടമാണ്. കാടും പിന്നെ പാറകെട്ടുകളും വെള്ളവും തീർത്ത ഭംഗിയായ സ്ഥലം. അതിനാലാണ് സഞ്ചാരികൾ ഇവിടെ കൂട്ടമായി എത്തുന്നത്. എന്നാൽ പ്രദേശവാസികൾക്ക് ഇവിടം നൽകുന്നത് പേടി സ്വപ്നവും അതിലുപരി ആശങ്കയും.
പോലീസിന്റെ കൺവെട്ടത്തുനിന്നും മാറി കിടക്കുന്ന പ്രദേശത്താണ് ഇന്നലെ രണ്ടു ജീവനുകൾ പൊലിഞ്ഞത്. അതാണ് നാട്ടുകാർക്ക് ആശങ്ക പടർത്തുന്നത്. പന്ത പ്ലാമൂട് എന്നാൽ പണ്ട് ആനകുളമായിരുന്നു. നെയ്യാർഡാം വരുന്നതിന് മുൻപ് ഇവിടം നദിയായിരുന്നു. ഇവിടെയായിരുന്നു കാടിറങ്ങി വരുന്ന കാട്ടാനകൾ വെള്ളം കുടിക്കാൻ എത്തുന്നതും പിന്നെയത് ആനകുളമായി മാറിയതും. ഡാം വന്നപ്പോൾ കാട്ടാനകൾ ഇവിടെ എത്തി വെള്ളംകുടിക്കാനും എത്തുമായിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം രണ്ടു ജീവനുകൾപൊലിഞ്ഞത്.
നാല് യുവാക്കളായിരുന്നു ഇന്നലെ ഇവിടെ എത്തിയത്. ജലസംഭരണിക്ക് നടുക്കുള്ള പാറപ്പുറത്തിരുന്ന് ആഘേഷിച്ചത്. രണ്ടു പേർ രാത്രി തന്നെ സ്ഥലം വിട്ടു. ഇവർ തിരിച്ചെത്തി നോക്കുമ്പോഴാണ് രണ്ടു പേരെ കാണാതായ വിവരമറിയുന്നത്. തുടർന്ന് വിവരം നാട്ടുകാരെ അറിയിക്കുന്നതും ഇവർ പോലീസിനേയും ഫയർ ഫോഴ്സിനേയും വിവര മറിയിക്കുന്നതും പിന്നെ വെള്ളിയാഴ്ചയാണ് ജഡം പൊങ്ങിയത്.
ഒഴിവ് ദിവസം കൂട്ടുകാരോടൊപ്പം ആസ്വദിക്കാൻ എത്തിയവരാണ് മരണത്തിൽപ്പെട്ടത്. കൂടെ വന്ന മറ്റ് രണ്ട് പേരും നടുക്കത്തിൽ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പോലീസ് ഇവരുടെ മൊഴി എടുക്കുകയാണ്. സമയം തെറ്റി ഇവിടെ തങ്ങുന്നത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ മരണപ്പെട്ട സ്ഥലവാസി നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു
ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കാനോ ബോർഡ് വയ്ക്കാനോ ബന്ധപ്പെട്ടവർ ഒരു നടപടിയും എടുത്തിട്ടില്ല.