വിദ്യാർഥിനിയുടെ ആത്മഹത്യ: അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ
1578752
Friday, July 25, 2025 6:50 AM IST
വിഴിഞ്ഞം: അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ, അയൽവാസിയായ വീട്ടമ്മയെ പ്രേരണാകുറ്റം ചുമത്തി വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ അമരിവിള ഞെടിഞ്ഞിൽ കണ്ണേറിൽ എ. ആർ. ഭവനിൽ അശോകന്റെ ഭാര്യ രാജം (54) ആണ് അറസ്റ്റിലായത്.
വെങ്ങാനൂർ വെണ്ണിയൂർ അമരിവിള ഞെടിഞ്ഞിൽ വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനീഷ (18) യുടെ മരണവുമായി ബന്ധപ്പെട്ടാണു വിഴിഞ്ഞം സിഐ പ്രകാശ്, എസ്ഐ ദിനേശ്, പോലീസുകാരായ രജിത, മിനി, സുനിത, ദിനേശ്, പ്രസന്നൻ എന്നിവർ ചേർന്നു പിടികൂടിയത്.
അയൽവാസിയുടെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്കു വഴിതെളിച്ചതെന്നു കാണിച്ചു പിതാവ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ രാജം ഒളിവിൽ പോയി.
ബന്ധുവീടുകളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ രാജത്തെ ഇന്നലെ ചെങ്കലിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ധനുവച്ച പുരം ഐടിഐ യിൽ പഠിക്കാൻ അഡ്മിഷൻ കഴിഞ്ഞു ക്ലാസ് തുടങ്ങുന്നതും കാത്തിരിക്കുകയായിരുന്നു അനീഷ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.