നാഗർകോവിൽ വിശുദ്ധ അൽഫോൻസാമ്മ തിരുനാളിനു കൊടിയേറി
1578987
Saturday, July 26, 2025 6:57 AM IST
നാഗർകോവിൽ: തെക്കൻ ഭരണങ്ങാനം എന്നറിയപ്പെടുന്ന നാഗർകോവിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു തക്കല വികാരി ജനറാൽ ഫാ. തോമസ് പൗവ്വത്തുപറമ്പിൽ കൊടിയേറ്റി.
അഞ്ചുഗ്രാമം ഇടവക വികാരി ഫാ.ടിനു കോട്ടക്കപ്പറമ്പിൽ സിഎംഐ വിശുദ്ധ കുർബാന അർപ്പിച്ചു. പുന്നയ്നഗർ വികാരി ഫാ.മൈക്കിൾ ജോർജ് ബ്രൈറ്റ് , കോട്ടാർ രൂപത ഫാ. സതീഷ് കുമാർ ജോയ്, മറവൻകുടിയിരുപ്പു വികാരി ഫാ.സഹായ ആനന്ദു മറ്റും , കാട്ടതുറൈ പള്ളി വികാരി ഫാ.അഭിലാഷ് സേവ്യർ ,തടിക്കാരൻകോണം പള്ളി വികാരി ഫാ.പ്രിൻസ് ചേരിപ്പനാട്ട് , കല്ലുവിള പള്ളി വികാരി ഫാ. ഫാ.ആന്റണി മഹേഷ് തുടങ്ങിയവർ സമൂഹ ബലിയിൽ പങ്കെടുത്തു.
തക്കല രൂപത ചാൻസിലർ ഫാ.ജോഷി കുളത്തുങ്കൽ വിശുദ്ധ അൽഫോൻസാമ്മയോടുള്ള നവനാൾ നടത്തി. ഫാ. ആന്റണി ജോസ് തിരുനാൾ സന്ദേശം നൽകി.
തിങ്കളാഴ്ച്ച അൽഫോൻസാ സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി വിശുദ്ധ കുർബാനയും നവനാളും നേർച്ച ഭക്ഷണവും ഒരുക്കും. വൈകുന്നേരം ആറിന് നവനാളും തുടർന്ന് ശിവഗംഗൈ ബിഷപ് ഡോ. ലൂർദ് ആനന്ദം വിശുദ്ധ കുർബാന അർപ്പിക്കും.
ഓഗസ്റ്റ് മൂന്നിന് വികാരിജനറാൾ ഫാ. തോമസ് പൗവ്വത്തുപറമ്പിലിന്റെ നേതൃത്വത്തിൽ നവനാളും തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രന്റെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും.
തിരുനാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായെന്ന് തീർഥാടന കേന്ദ്ര റെക്ടർ ഫാ.സനിൽ പന്തിച്ചിറയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.