വൈദ്യുത ലൈൻ പൊട്ടി റോഡിൽ വീണു
1578985
Saturday, July 26, 2025 6:57 AM IST
വിഴിഞ്ഞം: ശക്തമായ കാറ്റും മഴയും മരങ്ങൾ വീണ് വൈദ്യുത ലൈൻ പൊട്ടി റോഡിൽ വീണു. കാർ യാത്രികർ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിൽ കോവളം സമുദ്രയിലാണ് മരം വീണത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പ്ലാവ് മരവും തെങ്ങും കട പുഴകി ഇലക്ട്രിക് ലൈനിന് മേൽ പതിച്ചു.
നാല് പോസ്റ്റുകൾ തകർന്ന് ലൈൻ കമ്പികൾ പൊട്ടി റോഡിന് കുറുകെ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ഈസമയം സമീപത്തെ ഹോട്ടലിലേക്ക് പോകാനായി ഒരു കാർ എത്തിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരങ്ങൾ വെട്ടിമാറ്റി ഗതാഗത തടസം ഒഴിവാക്കി. വൈദ്യുത വകുപ്പ് അധികൃതർ എത്തി വൈദ്യുതബന്ധം വിഛേദിച്ച് കൂടുതൽ അപകടം ഒഴിവാക്കി .