നെയ്യാറ്റിന്‍കരയില്‍ വാഹനപാര്‍ക്കിംഗ് സംവിധാനമില്ല; യാത്രക്കാര്‍ വലയുന്നു
1578745
Friday, July 25, 2025 6:46 AM IST
നെയ്യാറ്റിന്‍കര : നഗരസഭാ പ്രദേശത്ത് വാഹന പാര്‍ക്കിംഗ് സംവിധാനങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു. എന്നാൽ നെയ്യാറ്റിന്‍കര താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സായി കണക്കാക്കപ്പെടുന്ന നെയ്യാറ്റിന്‍കര നഗരപരിസരം അനധികൃത വാഹന പാര്ക്കിംഗുകളാല് നിറഞ്ഞിരിക്കുന്നതായും കാണാം.
നഗരത്തില്‍ പാര്‍ക്കിംഗ് ഏരിയ ഒരുക്കുമെന്നും വിവിധ പ്രദേശങ്ങളിൽ പെയിഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ പലപ്പോഴായി നെയ്യാറ്റിന്‍കര നിവാസികള്‍ കേള്‍ക്കുന്നുണ്ട്. പ്രധാന വ്യാപാര കേന്ദ്രമായി അറിയപ്പെടുന്ന ആലുംമൂട് ജംഗ്ഷനില്‍ റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു പതിവാണ്. പൊതുവേ വീതി കുറഞ്ഞ പൊതുനിരത്തിലെ ഗതാഗതക്കുരുക്കിന് ഈ അനധികൃത പാര്‍ക്കിംഗും ഒരു ഘടകമാണെന്ന് പരാതിയുണ്ട്.
ആലുംമൂട് ജംഗ്ഷനു സമീപത്തെ കോണ്‍വന്റ് റോഡാണ് അനധികൃത പാര്‍ക്കിംഗിന്റെ മറ്റൊരിടം. ഈ റോഡില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനുമായി നിയോഗിക്കപ്പെട്ട സ്വകാര്യ വാഹനങ്ങളാണ് ഇക്കൂട്ടത്തിലേറെയും.
സ്കൂള്‍ സമയം അവസാനിക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പോ ചിലപ്പോള്‍ രാവിലെ മുതലോ ഇവ പാര്‍ക്ക് ചെയ്യുന്പോള്‍ ഇതുവഴി വരുന്ന മറ്റു വാഹനങ്ങള്‍ക്ക് സുഗമമായി പോകാനുള്ള സൗകര്യം നഷ്ടമാകുന്നു. സ്വാഭാവികമായും അത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ഈ തടസം തലവേദനയാണ്.
നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന് പരിസരം വാഹനങ്ങളുടെ സാന്നിധ്യത്താല്‍ സന്പന്നമാണ് മിക്കവാറും. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ സ്വന്തം വാഹനങ്ങള്‍ കെട്ടിടത്തിന്റെ ഇടനാഴിയിലും മറ്റും പാര്‍ക്ക് ചെയ്യാറുണ്ടെന്നും ആക്ഷേപമുയരുന്നു.
ആശുപത്രി കോന്പൗണ്ടില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനാല്‍ പലരും ആശുപത്രിക്ക് പുറത്തെ പാതയോരത്തായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് മറ്റാവശ്യങ്ങള്‍ക്കായി പോകുന്നതായും പരാതിയുണ്ട്. ആശുപത്രി ജംഗ്ഷനില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വീതി കുറഞ്ഞ പാത വൈകുന്നേരങ്ങളില്‍ രോഗികളുമായി വരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് കൊണ്ട് നിറയുകയാണ് പതിവ്.
ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നയിടങ്ങള്‍ ഈ റോഡിനിരുവശത്തുമാണുള്ളത്. അക്ഷയ ഷോപ്പിംഗ് കോപ്ലക്സില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവിടേക്കു വരുന്നവരുടെയും ആ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും വാഹനങ്ങള്‍ കൂടാതെ, മറ്റു വാഹനങ്ങളും അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് വളപ്പില്‍ പാര്‍ക്ക് ചെയ്യുന്നതായും നഗരസഭ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പുതിയ കെട്ടിടത്തില്‍ വാഹന പാര്‍ക്കിംഗിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ കുറവാണ്.
നെയ്യാറ്റിന്‍കരയെ സംബന്ധിച്ചിടത്തോളം നിരത്തുകള്‍ പഴയതുപോലെ തുടരുകയും വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. കരമന- കളിയിക്കാവിള പാത വികസനത്തിന്റെ ഭാഗമായി മാത്രമേ നെയ്യാറ്റിന്‍കര ഗതാഗത സംവിധാന സംബന്ധിയായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്നാണെങ്കില്‍ നിലവിലുള്ള അസൗകര്യം എത്രകാലം തുടരേണ്ടിവരുമെന്ന ആശങ്കയിലാണ് തദ്ദേശവാസികളും യാത്രക്കാരും.