നെയ്യാർ ഡാമിൽ രണ്ടുയുവാക്കൾ മുങ്ങി മരിച്ചു
1578875
Saturday, July 26, 2025 3:14 AM IST
നെയ്യാർഡാം : നെയ്യാർ ഡാമിൽ യുവാക്കൾ മുങ്ങി മരിച്ചു. നെയ്യാർ ഡാമിലെ പന്തപ്ലാമൂട്, ആനക്കുളം സംഭരണിയിലാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ കുളിക്കാൻ എത്തിയ അമ്പൂരി പൂച്ചമുക്ക് കല്ലുമാക്കൽ വീട്ടിൽ അർജുൻ (20), കാട്ടാക്കട അഞ്ചുതെങ്ങ് മൂട് മണ്ണാങ്കോണം, മുല്ലശേരി വീട്ടിൽ ദുർഗാ പ്രസാദ് (28) എന്നിവരാണ് മരിച്ചത്.
കുളിക്കാൻ എത്തിയ ഇവർ ജലാശയത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 7. 15 ആണ് യുവാക്കളുടെ മൃതദേഹം പുറത്തെടുത്തത്. നാലംഗ സംഘമാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ ആനക്കുളത്തിനു സമീപം എത്തിയത്.
കരയിൽ ഇരുന്നു മദ്യപിച്ചശേഷം ദുർഗാദാസിന്റെയും അർജുനന്റെയും സുഹൃത്തുക്കളായ അമ്പൂരി സ്വദേശി അഭിരാം, കാട്ടാക്കട സ്വദേശി ബിനീഷ് എന്നിവർ അമ്പൂരിലേക്ക് ബൈക്കിൽ പോകുകയും അഭിരാമിനെ അമ്പൂരിയിൽ ഇറക്കിയശേഷം ബിനീഷ് തിരികെ എത്തുകയും ചെയ്തു. അപ്പോഴേക്കും ദുർഗാദാസ്, അർജുൻ എന്നിവരെ കാണാതായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിൽ ഇവരുടെ ചെരുപ്പ് കണ്ടെത്തുകയും ചെയ്തു.
ഇതോടെ പോലീസിനെ വിവരം അറിയിച്ച് പോലീസ് രാത്രിയോടെ സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയിൽ തെരച്ചിൽ നടന്നില്ല. തുടർന്ന് രാവിലെ ഏഴോടെ ഇരുവരുടെയും മൃതദേഹം ജലാശയത്തിൽ പൊങ്ങുകയായിരുന്നു. നെയ്യാർ ഡാമിൽ നിന്നും അഗ്നി രക്ഷാസേന എത്തി മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു .