യുവതിയുടെ വയറ്റിൽ 41 റബര്‍ ബാൻഡുകള്‍..!
1578748
Friday, July 25, 2025 6:46 AM IST
പാറശാല: വയറു വേദനവുമായി ചികിത്സതേടിയയെത്തിയ യുവതിയുടെ വയറിനുള്ളില്‍ നിന്നും റബര്‍ ബാൻഡുള് കണ്ടെത്തി. പാറശാല സരസ്വതി ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയയയ്ക്കു വിധേയയായ 40 വയസുകാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണ് റബര്‍ ബാൻഡുകള്‍ കണ്ടെത്തിയത്.
നാലു ദിവസമായി വയറുവേദനയും വയറു വീര്പ്പുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് പരിശോധനയില്‍ ചെറുകുടലില്‍ തടസമാണെന്നു കണ്ടതി യതിനെ തുടര്‍ന്നു രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയ സമയത്തു ചെറുകുടലിനുള്ളില്‍ കാണപ്പെട്ട മുഴ, തുറന്നു നീക്കാന്‍ ശ്രമിച്ചപ്പോഴാണ് ഒട്ടേറെ റബർ ബാന്‍ഡുകള്‍ ഒന്നിനോടൊന്നു കൂടിച്ചേര്‍ന്ന് ഒരു പന്തുപോലെയായി ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു 41 റബർ ബാൻഡുകളാണ് നീക്കം ചെയ്തത്. ഇവ പൂര്‍ണമായും പെറുക്കി മാറ്റി കുടലില്‍ തുന്നലിട്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
ഇപ്പോള്‍ രോഗി സുഖം പ്രാപിച്ചു വരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിക്ക് ഇടയ്ക്കിടെ റബര്‍ബാന്‍ഡ് വായിലിട്ടു ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
സ്വന്തം തലയിലെ മുടി, ഭക്ഷ്യയോഗ്യമല്ലാത്ത ചിലസാധനങ്ങള്‍ തുടങ്ങിയ കഴിക്കുന്നതു മാനസിക വൈകല്യമുള്ളവരില്‍ കണ്ടുവരാറുണ്ടെങ്കിലും സാധാരണക്കാരിൽ ഇത് അപൂർവമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാര്‍ പറഞ്ഞു.