അയല്‍വാസിയുടെ വീട്ടിൽ കയറി ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍
1578501
Thursday, July 24, 2025 6:44 AM IST
പേരൂര്‍ക്കട: അയല്‍വാസിയുടെ വീട്ടില്‍നിന്നു സ്വർണാഭരണം കവര്‍ന്നയാളെ പേരൂര്‍ക്കട പോലീസ് പിടികൂടി. കരകുളം ചെക്കക്കോണം ഇടത്തറ വീട്ടില്‍ അരുണ്‍ (36) ആണ് പിടിയിലായത്.
ജൂലൈ 14നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണാമ്മൂല ഇടക്കുളം സൂര്യനഗര്‍ ഹൗസ് നമ്പര്‍ 201-ല്‍ വാടകയ്ക്കു താമസിക്കുന്ന രാഹുലിന്റെ നാലുഗ്രാം വരുന്ന സ്വർണാഭരണമാണ് കവര്‍ച്ച ചെയ്തത്.
അരുണ്‍ മുമ്പ് രാഹുല്‍ താമസിക്കുന്ന വീടിനു സമീപത്തു താമസിച്ചിരുന്നയാളാണ്. സംഭവദിവസം ബസില്‍ക്കയറി ഇടക്കുളത്ത് ഇറങ്ങിയശേഷം രാഹുല്‍ താമസിക്കുന്ന വീട്ടിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീടിനുമുന്നിലെത്തിയ ഇയാള്‍ വാതിലിന്റെ പൂട്ടുപൊളിച്ചശേഷം ഉള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണവുമായി രക്ഷപ്പെടുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
നരുവാമൂട് ഭാഗത്തുനിന്നാണ് പേരൂര്‍ക്കട എസ്ഐമാരായ ജയേഷ്, അനില്‍കുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അരുണിനെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണാഭരണം പോലീസ് ഒരു ജ്വല്ലറിയില്‍ നിന്നു കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.