സുരക്ഷാജീവനക്കാരന് ഓടിച്ച ബൈക്ക് പാഞ്ഞുകയറി രണ്ടുപേർക്കു പരിക്ക്
1578746
Friday, July 25, 2025 6:46 AM IST
പേരൂര്‍ക്കട: ഇന്‍ഫോസിസിലെ സുരക്ഷാജീവനക്കാരന് ഓടിച്ച ബൈക്ക് പാഞ്ഞുകയറി 15 വയസുവീതം പ്രായമുള്ള രണ്ടുപെണ്കുട്ടികള്ക്കു പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.30നു നാലാഞ്ചിറ കുരിശടിയിലായിരുന്നു അപകടം. ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന നാലാഞ്ചിറ സ്വദേശിനികളായ വിദ്യാര്ഥിനികള്ക്കാണു പരിക്കേറ്റത്. നെടുമങ്ങാട് വാളിക്കോട് സ്വദേശി സനല്‍ (40) ഓടിച്ചിരുന്ന ബൈക്കാണ് ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക ുനേരേ പാഞ്ഞുകയറിയത്.
ബൈക്ക് ഇടിച്ചയുടന്‍ തന്നെ ഇരുവരും പിറകിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. പെണ്‍കുട്ടികളുടെ താടിയെല്ലിനും കൈകാലുകള്‍ക്കും പരിക്കേറ്റു. ബൈക്കു വന്നിടിച്ചതോടെ ഇരുവരുടെയും പല്ലുകള്‍ ഇളകിപ്പോയിട്ടുണ്ട്. ഇവരില്‍ ഒരാളുടെ തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ വിദഗ്ധ ചികിത്സ വേണ്ടിവരുമെന്നു ഡോക്ടർമാർ വ്യ ക്തമാക്കി. കുട്ടി ആശുപത്രിയില്‍ കഴിഞ്ഞുവരികയാണ്. നാലാഞ്ചിറയിലെ വിദ്യാലയത്തില്‍ പഠിക്കുന്നവരാണ് ഇരുവരും.
ജോലികഴിഞ്ഞു നാലാഞ്ചിറയില്‍ നിന്ന് എംസി റോഡുവഴി വീട്ടിലേക്കു മടങ്ങുകയായിരുന്നു സനല്‍. ഇയാള്‍ ഉറങ്ങിപ്പോയതാണ് വാഹനം റോഡില്‍നിന്നു നിയന്ത്രണംതെറ്റി ഫുട്പാത്തിലേക്കു കയറാന്‍ കാരണമെന്നു മണ്ണന്തല പോലീസ് അറിയിച്ചു. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ സനലിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
സനല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണന്തല പോലീസ് കേസെടുത്തു.