കോൺഗ്രസ് പ്രവർത്തകർ ബിനുവിനെ സഹായിക്കുകയായിരുന്നുവെന്ന് പാലോട് രവി
1578991
Saturday, July 26, 2025 7:03 AM IST
വിതുര: മണലിസ്വദേശി ആദിവാസി യുവാവായ ബിനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച കോൺഗ്രസ് പ്രവർത്തകർക്കു നേരേ കള്ളക്കഥ ഉണ്ടാക്കി ജാമ്യമില്ലാ വകുപ്പിട്ട് കള്ളക്കേസെടുത്ത് ജയിലിലടക്കാൻ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കൾ വിതുരയിലെ ജനങ്ങളോടും ആദിവാസി സമൂഹത്തോടും മാപ്പുപറയണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. മരണപ്പെട്ട ബിനുവിന്റെ മണലിയിലുള്ള വസതിയിൽ സന്ദർശനം നടത്തുകയായിരുന്നു അദേഹം.
ബിനുവിനോടൊപ്പമുണ്ടായിരുന്ന ബന്ധുക്കൾ നടന്ന സംഭവം സത്യസന്ധമായി പരസ്യമാക്കിയിട്ടും പോലീസിനെയും ആശുപത്രി അധികൃതരേയും കള്ളക്കേസെടുക്കാൻ പ്രേരിപ്പിക്കുകയാണുണ്ടായത്. മലയോര പ്രദേശമായ വിതുര ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങൾ പരിമിതമാണ്.
വിതുര ആശുപത്രിയിലെ ആംബുലൻസ് തകരാറിലായി കിടക്കുകയാണ്. ഉപയോഗിക്കുന്ന 108 ആംബുലൻസിലൂടെയുള്ള സുരക്ഷിതമായയാത്രയിൽ നാട്ടുകാർക്ക് വ്യാപകമായ പരാതി ഉണ്ട്.
കള്ളക്കേസ് പോലീസ് പിൻവലിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ, ഡിസിസി ജന സെക്രട്ടറിമാരായ വിദ്യാസാഗർ, തേക്കട അനിൽകുമാർ എസ്.കൃഷ്ണകുമാർ, ഉവൈസ് ഖാൻ,മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ, മേമല വിജയൻ, മണ്ണറവിജയൻ, വിതുര തുളസി, മോഹനൻ തുടങ്ങിയവർ പാലോട് രവിയോടൊപ്പം ഉണ്ടായിരുന്നു.