സ്കൂളിനോടു ചേർന്ന് ഇലക്ട്രിക് പോസ്റ്റുകൾ കെണിയൊരുക്കുന്നു
1578514
Thursday, July 24, 2025 6:59 AM IST
വിഴിഞ്ഞം: അപകടക്കെണിയായി സ്കൂളിനോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റുകൾ. മാറ്റിയിടണമെങ്കിൽ പണമടക്കണമെന്ന് അധികൃതർ. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വെങ്ങാനൂർ ചാവടിനട ഗവ. മോഡൽ സ്കൂളിനു മുന്നിലാണ് ഏതു നിമിഷവും നിലം പൊത്താറായ നിലയിലെ ഇലക്ട്രിക്പോസ്റ്റുകളുള്ളത്.
രണ്ടായിരത്തോളം കുരുന്നുകൾ പഠനത്തിനായി സ്കൂൾ അങ്കണത്തിൽ പ്രവേശിക്കണമെങ്കിൽ വൻ അപകടം പതിയിരിക്കുന്ന ഇലക്ട്രിക് ലൈനുകളെയും പോസ്റ്റുകളെയും താണ്ടണം. വിദ്യാർഥികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന ഇലക്ടിക് പോസ്റ്റ് മാറ്റിയിടണമെന്ന സ്കൂൾ അധികൃതരുടെ അപേക്ഷ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ പണമില്ലെന്ന് അറിയിച്ചശേഷം മടങ്ങി.
ഏതു സമയത്തും ഒടിഞ്ഞു വീഴാൻ പാകത്തിൽ ചരിഞ്ഞു നിൽക്കുന്ന പോസ്റ്റിൽ സ്റ്റേ കമ്പി വലിക്കാമെന്ന വിചിത്ര വാഗ്ദാനവും സ്കൂൾ അധികൃതർക്ക് ബോർഡ് ഉദ്യോഗസ്ഥർ നൽകി. വിഴിഞ്ഞം മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളാണിത്. മതിലിനോടും ക്ലാസ് മുറികളുള്ള കെട്ടിടത്തോടും ചേർന്നു കാലപ്പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞ് തരാറിലായപോസ്റ്റുകൾക്ക് ലൈൻ കമ്പികളെയും സ്വകാര്യ കേബിളുകളെയും താങ്ങാനുള്ള ശേഷിയില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
സ്കൂൾ ഗേറ്റിനു തൊട്ടു ചേർന്നു നിൽക്കുന്ന ഒരെണ്ണത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. ഒരു വശം ചരിഞ്ഞു നിൽക്കുന്നപോസ്റ്റ് ഏത് ദിശയിലേക്കു മറിഞ്ഞാലും വൻ അപകടമുണ്ടാകും. അധ്യായന വർഷം ആരംഭിക്കുന്നതിനുമുന്പുതന്നെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെങ്ങാനൂർ പഞ്ചായത്തിനും വിഴിഞ്ഞം ഇലക്ട്രിസിറ്റി ബോർഡി നും സ്കൂൾ പിടിഎ കത്ത് നൽകിയിരുന്നു.
എന്നാൽ പണമില്ലെന്ന കാരണം പറഞ്ഞു പരാതി മടക്കി. വീശിയടിക്കുന്ന കാറ്റിൽ ഒരു പോസ്റ്റിനു തകർച്ചയുണ്ടായാൽ നിലംപൊത്തുന്നത് എഴോളം എണ്ണം എന്നതാണ് അധികൃതരുടെ ചങ്കിടിപ്പു കൂട്ടുന്നത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡു കൂടിയാണിത്.