വാർഡ് മെമ്പർക്ക് മൂന്നു വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
1578749
Friday, July 25, 2025 6:46 AM IST
കല്ലറ പഞ്ചായത്ത് ഭവന നിർമാണ പദ്ധതി ക്രമക്കേട്
കല്ലറ: ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേടു നടത്തിയ കേസിൽ കല്ലറ പഞ്ചായത്ത് മെമ്പർക്കു മൂന്നുവർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പറും സിപിഎം കല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ഷീലയെയാണു മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം പിഴ ഈടാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജ് വിധിച്ചത്.
2011-2012 കാലഘട്ടത്തിൽ കല്ലറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011 ആഗസ്റ്റ് മൂന്നിനു വെള്ളം കുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനി ക്കുകയും മിനിട്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു.
ആ കാലയളവിൽ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന ഷീല, ഗ്രാമസഭ തീരുമാനിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റിൽ അഴിമതിയും തിരിമറിയും നടത്തി ലിസ്റ്റിൽ ഇല്ലാത്തവരെ കൃത്രിമമായി ഉൾപ്പെടുത്തി ആനുകൂല്യം വാങ്ങി നൽകുകയായിരുന്നു.
ഇതിനെതിരെ കോൺഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി. അനികുട്ടൻ ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിലാണു വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീഷ് ഹാജരായി.