ചായംപൊറ്റയില് ട്രാന്‍സ്ഫോര്‍മർ കാടുമൂടി
1578511
Thursday, July 24, 2025 6:59 AM IST
വെള്ളറട : കെഎസ്ഇബി പരിധിയില്‍ കള്ളിമൂട് വാര്‍ഡില്‍ ചായം പൊറ്റയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്സ്ഫോര്മാറിനെ കാടു വിഴുങ്ങി. പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. എന്നിരുന്നാലും കെഎസ്ഇബി ജീവനക്കാര്‍ ഇതൊന്നും കണ്ടഭാവം കാണിക്കുന്നില്ല. ദിവസങ്ങളായി ഈ പ്രദേശത്ത് വൈദ്യുതി വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്.
ആയിരുന്നാലും മേഖലയിലെ ട്രാന്‍സ്ഫോര്‍മറുകള്‍ പോലും കെഎസ്ഇബി ജീവനക്കാര്‍ സംരക്ഷിക്കുന്നില്ലായെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണു ചായം പൊറ്റയിലെ ട്രാന്‍സ്ഫോര്‍മറിനെ കാട്ടുവള്ളികള്‍ മൂടിയിരിക്കുന്നത്. അടിയന്തിരമായി അപകടാവസ്ഥയിലുള്ള കാട്ടുവള്ളികളെ വെട്ടിമാറ്റി ട്രാന്‍സ്ഫോര്‍മറിനെ മോചനപ്പെടുത്തണമെന്നുള്ളതാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ സമീപവാസികള്‍ക്ക് ഈ കാടിനെ വെട്ടി മാറ്റി ട്രാന്‍സ്ഫോര്‍മറിനെ മോചിപ്പിക്കണം എന്നുള്ള താല്പര്യം ഉണ്ടെങ്കിലും പരിചയമില്ലാതെ ട്രാന്‍സ്ഫോര്‍മറിലുള്ള വള്ളിയെ തൊട്ടാല്‍ ഇലക്ട്രിക് ഷോക്ക് ഉണ്ടാകുമെന്ന് ഭയമാണ്. ഇനിയൊരു ദുരന്തം വരാതിരിക്കാന്‍ അടിയന്തരമായി കെഎസ്ഇബി ജീവനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.