ജവഹർനഗർ വസ്തു തട്ടിപ്പ്; അനന്തപുരി മണികണ്ഠന്റെ ഫോണ്‍ സ്വിച്ച്ഓഫ്
1578744
Friday, July 25, 2025 6:46 AM IST
പേരൂര്‍ക്കട: ജവഹര്‍നഗര്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈടെക് അന്വേഷണം വഴിമുട്ടിയ നിലയില്‍. കേസിലെ പ്രധാന പ്രതിയായ അനന്തപുരി മണികണ്ഠന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
കഴിഞ്ഞദിവസം സാധ്യമായ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. മാതാപിതാക്കള്‍ പറയുന്നതു മണികണ്ഠന് കുറ്റം ചെയ്തിട്ടില്ല എന്നാണ്. അതേസമയം ജൂലൈ ആറാം തീയതി മുതല്‍ അനന്തപുരി മണികണ്ഠന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ഏറ്റവും ഒടുവില്‍ മണികണ്ഠന്റെ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത് തിരുവനന്തപുരം നഗരപ്രാന്തമാണ്. അതിനുശേഷം ഇയാള്‍ എവിടെപ്പോയി എന്നു അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. അതിനിടെ മണികണ്ഠന്, താന്‍ മുമ്പ് ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ നമ്പര്‍ മാറ്റിയെന്നും പുതിയ കണക്ഷനാണ് ഉപയോഗിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ പ്രമുഖ സെല്ലുലാര്‍ ദാതാക്കളുടെ സഹായം ക്രൈം വിഭാഗം തേടിയേക്കും. അനന്തപുരി മണികണ്ഠന് ഒരു മുന്‍ മന്ത്രിയുടെ സഹായമുണ്ടെന്നും അതുകൊണ്ടാണ് ഇയാളെ പിടികൂടാന്‍ വൈകുന്നതെന്നും ആരോപണം നിലനില്‍ക്കെ തന്നെ ഇയാളെ കണ്ടെത്താന്‍ മ്യൂസിയം പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിവരുന്നത്.