വെള്ളായണി കായലിൽ യുവാവ് ചെളിയിൽ പുതഞ്ഞു
1578503
Thursday, July 24, 2025 6:44 AM IST
നേമം: വെള്ളായണി കായലിന്റെ കാക്കാമൂല ഭാഗത്തു കായലിൽ ചെളിയിൽ പുതഞ്ഞ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കാക്കാമൂല - കാർഷിക കോളജ് ബണ്ട് റോഡിൽ പാലം നിർമിക്കുന്നതിനു സമീപം യുവാവ് ചെളിയിൽ പുതഞ്ഞു താഴ്ന്നു നിലവിളിച്ചതു അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇവർ അറിയിച്ചതനുസരിച്ച് പൊതുപ്രവർത്തകനായ കാക്കാമൂല ബിജുവിന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാർ കയർ എറിഞ്ഞു നൽകി രക്ഷപ്പെടുത്തി. കരയിലെത്തിയുടൻ അബോധാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വലതു കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
യുവാവിന്റെ പോക്കറ്റിൽ നിന്നും വെഞ്ഞാറമൂടിലെ ഒരു മൊബൈൽ സർവീസ് സെന്ററിന്റെ രസീത് ലഭിച്ചിട്ടുണ്ട്. അനന്തു എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഷോപ്പ് ഉടമകൾക്കും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കാക്കാമൂല ബിജുവിനോടൊപ്പം പാലം പണിയുടെ ഓവർസിയർ റാസിക്ക്, എൻ ജിനീയർ സനോജ്, നാട്ടുകാരായ ദീലിപ്, മുരുകൻ, വിനോദ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി .