പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുങ്ങിമരണ പ്രതിരോധ കാമ്പയിൻ
1578994
Saturday, July 26, 2025 7:03 AM IST
മെഡിക്കല്‍കോളജ്: ലോക മുങ്ങിമരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജീവനം പ്രതിരോധ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അനുകുമാരി നിര്‍വഹിച്ചു.
പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്ന ക്യാമ്പയിന്റെ ആപ്തവാക്യം ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം എന്നതാണ്. മുങ്ങിമരണ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണെന്നും നന്നായി നീന്തല്‍ അറിയാവുന്നവര്‍പോലും അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെ സംബന്ധിച്ചുള്ള ബോധവത്കരണം നടത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ജീവനം ക്യാമ്പയിനിന്റെ പ്രചാരണം ശക്തമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുങ്ങിമരണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് ചൊല്ലികൊടുത്തു.
മുങ്ങിമരണ പ്രതിരോധ ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. ഡപ്യൂട്ടി മേയര്‍ പി.കെ. രാജു, എഡിഎം ടി.കെ. വിനീത്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ജി. ശ്രീകുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ലൈലാസ്, ഹെഡ്മാസ്റ്റര് എസ്.എ സജീവ് കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എസ്. സൂരജ് എന്നിവര്‍ പങ്കെടുത്തു.