വാർഡ് വിഭജനവും പേരു വെട്ടലും കൂട്ടിച്ചേർക്കലും കഴിഞ്ഞു : കരടിൽ കണ്ണുതള്ളി വോട്ടർമാർ
1579150
Sunday, July 27, 2025 6:07 AM IST
വിഴിഞ്ഞം: തദ്ദേശ വാർഡ് വിഭജനവും കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും കഴിഞ്ഞു, വോട്ടർ പട്ടികയുടെ കരട് ലിസ്റ്റ് വന്നതോടെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഞെട്ടി. വോട്ടർമാർ പല വാർഡുകളിലായി ചിന്നിച്ചിതറി.
ഇവരെ യഥാർഥ വാർഡുകളിൽ എത്തിക്കുന്നതിനുള്ള കഠിനപ്രയത്നവും രാഷ്ട്രീയ പാർട്ടികൾ തുടങ്ങി. ഒരു വീട്ടിലുള്ളവർ തന്നെ പല വാർഡുകളിലെ വോട്ടേഴ്സ് ലിസ്റ്റിൽ കടന്നു കൂടിയതും തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിക്കുന്നതിനേക്കാൾ കൂടുതൽ വോട്ടർമാർ ചില വാർഡുകളിൽ വന്നതും അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
വാർഡുവിഭജനവും കരട് വോട്ടർ പട്ടികയിലെ അപാകതയും ഏറ്റവും കൂടുതൽ ബാധിച്ചത് തീരദേശ മേഖലയിലാണെന്ന് പരാതിയുണ്ട്. കരിംകുളം പഞ്ചായത്തിലെ ഒന്നാം വാർഡായ പിഎച്ച്സിയിൽ ആയിരത്തതിനു താഴെ വോട്ടർമാർ ലിസ്റ്റിലുള്ളപ്പോൾ തൊട്ടടുത്ത കൊച്ചുപള്ളി വാർഡിൽ എണ്ണം രണ്ടായിരത്തോളമായി.
പഞ്ചായത്തിലെ വോട്ടർമാർ പല വാർഡുകളിലുമായി ചിന്നിച്ചിതറിക്കിടക്കുന്നതായും പ്രസിഡന്റ് പറയുന്നു. ഇവിടെയും ലിസ്റ്റ് നേരെയാക്കുന്നതിനുള്ള കഠിനപ്രയത്നത്തിലാണ് അധികൃതർ. തിരുവനന്തപുരം നഗരസഭ വിഴിഞ്ഞത്തു കാരോട് കാണിച്ചതും ചതിയാണ്.
കോൺഗ്രസിന്റെയും മറ്റു പാർട്ടിക്കാരുടെയും ആധിപത്യം ഇല്ലാതാക്കാൻ കാണിച്ച വെട്ടിമുറിക്കലിൽ വിഴിഞ്ഞത്തുനിന്ന് ഒരു ഡിവിഷൻവരെ അപ്രത്യക്ഷമായി. നഗരസഭയോട് കൂട്ടിച്ചേർക്കപ്പെട്ട പഴയ വിഴിഞ്ഞം പഞ്ചായത്ത് ഇനി വെറും നാല് അംഗങ്ങളുടെ ചുമതലയിലാകും. കോട്ടപ്പുറം, മുല്ലൂർ എന്നീ രണ്ടു ഡിവിഷനുകളിലായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്ഥിതി ചെയ്തിരുന്നത്. ഇതു രണ്ടും ഇല്ലാതാക്കി.
രണ്ടു വാർഡുകളെയും വെട്ടിമുറിച്ച് തുറമുഖ ഡിവിഷൻ എന്ന പുതിയ വാർഡ് രൂപികരിച്ചു. ഇതോടെ മുല്ലൂർ ഡിവിഷനിലെ തുടർച്ചയായ കോൺഗ്രസ് ആധിപത്യവും കോട്ടപ്പുറം വാർഡിലെ ഇടതുപക്ഷക്കാരല്ലാത്തവരുടെ ആധിപത്യവും ഇല്ലാതാക്കാമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം. പുതിയ വാർഡ് വിഭജനത്തിൽ ജനസംഖ്യ കൂടുതലുള്ള വിഴിഞ്ഞം, തുറമുഖ ഡിവിഷനുകളിലെ വോട്ടർമാരുടെ എണ്ണം പന്ത്രണ്ടായിരത്തിനടുത്ത് എത്തിയതായി അംഗങ്ങൾ പറയുന്നു.
കൗൺസിലർമാരെ വിളിച്ച് ചർച്ചകൾ പോലും നടത്താതെ അധികൃതർ തന്നിഷ്ടപ്രകാരമായി നടത്തിയ പരിഷ് കാരം പൊതുജനങ്ങളുടെ ആനുകൂല്യത്തെ ഗുരുതരമായി ബാധിക്കുന്നതിനുപരി കൗൺസിലർമാരുടെ ജോലിഭാരവും വർധി ക്കും. വാർഡ് വെട്ടിക്കുറച്ചതിനു പരി വെള്ളാർ ഡിവിഷനിലെ മൂന്നോളം ബൂത്തുകൾ വിഴിഞ്ഞത്തോട് കൂട്ടിച്ചേർത്തു വസ്തൃതിയും വർധിപ്പിച്ചു. പഞ്ചായത്തായാൽ ഇരുപതിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകുമായിരുന്ന സ്ഥാനത്താണ് നഗരസഭയിൽ നാല് പേരിൽ ഒതുങ്ങിയത്.
ഇവിടെയും വോട്ടർമാർ പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുന്നത് ഏറെ തലവേദനയായതായി കൗൺസിലർമാർ പറയുന്നു. അടുത്ത മാസം ഏഴിനു മുൻപ് തെറ്റുകൾ പരിഹരിക്കുന്നതിനുള്ള നെട്ടൊട്ടത്തിലാണ് രാഷ്ട്രീയ പാർട്ടിക്കാർ. വാർഡ്വിഭജനം നടക്കാത്ത പൂവാർ പഞ്ചായത്ത് ഒഴികെ കാഞ്ഞിരംകുളം, കോട്ടുകാൽ, തിരുപുറം, കുളത്തൂർ ഉൾപ്പെടെയുള്ള എല്ലായിടത്തും കരട് ലിസ്റ്റിൽ അപാകതകൾ കടന്നു കൂടിയതായും ബന്ധപ്പെട്ടവർ പറയുന്നു.