മനുഷ്യ-വന്യജീവി സംഘര്‍ഷം : സുഗന്ധവ്യഞ്ജനകൃഷി പ്രോത്സാഹിപ്പിക്കും
1579152
Sunday, July 27, 2025 6:07 AM IST
പേരൂര്‍ക്കട: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ സുഗന്ധവ്യഞ്ജന വിളകളും സിട്രസ് പഴങ്ങളും കൃഷിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് ഈ തീരുമാനം.
പരുത്തുപ്പിള്ളി, പാലോട്, കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചുകളിലായി ഒമ്പത് ആനക്കിടങ്ങുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ നാലെണ്ണം പൂര്‍ത്തിയാകുകയും ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുകയുമാണ്. കാര്‍ഷിക വിളകളുടെ സംരക്ഷണം ഉറപ്പുവരുത്താനും വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുമായി രാഷ്ട്രീയ കൃഷി വികാസ് യോജന് സ്കീം പ്രകാരം 11.8 കിലോമീറ്ററില്‍ ആനക്കിടങ്ങുകള്‍ നിര്‍മിക്കാനും കല്ലാറില്‍ ഒരു ചെക്ക് ഡാമിന്റെ നിര്‍മാണത്തിനും പ്രവര്‍ത്തനാനുമതി ആയിട്ടുണ്ട്.
സോളാര്‍ ഫെന്‍സിംഗിന്റെ അറ്റക്കുറ്റ പണികള്‍ വേഗത്തില്‍ തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ഡിഎഫ്ഒ ഷാനവാസ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.